വരുമാനം ഇല്ലാതെ ഓടുന്ന കെഎസ്ആർടിസി ട്രിപ്പുകളുടെ കാര്യത്തിൽ തീരുമാനമായി!!!
കല്പറ്റ : ഒരു കിലോമീറ്റർ ബസ്ഓടിയാൽ ശരാശരി 28 രൂപ വരുമാനം കിട്ടാത്ത ട്രിപ്പുകൾ നിർത്താനുള്ള നിർദേശം ജില്ലയിലും കെ.എസ്.ആർ.ടി.സി. നടപ്പാക്കിത്തുടങ്ങി. ഓരോ സർവീസിന്റെയും ട്രിപ്പ് ഷീറ്റുകൾ പരിശോധിച്ച് ശരാശരി 28 രൂപ വരുമാനമില്ലാത്ത ട്രിപ്പുകൾ കണ്ടെത്തിയാണ് താത്കാലികമായി നിർത്തുന്നത്. ജില്ലയിലെ മൂന്ന് ഡിപ്പോകളിൽനിന്നായി 20 മുതൽ 25 വരെ ട്രിപ്പുകൾ കുറയുമെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ നൽകുന്ന വിവരം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഒരു കിലോമീറ്റർ ദൂരം ഓടാൻ കെ.എസ്.ആർ.ടി.സി.ക്ക് 24 രൂപയാണ് ഇന്ധനച്ചെലവ്. നാലുരൂപയുടെ തേയ്മാനവും കണക്കാക്കുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ ഒരു കിലോമീറ്ററിന് ശരാശരി 28 രൂപ വരുമാനം കിട്ടിയില്ലെങ്കിൽ ആ ട്രിപ്പ് പ്രവർത്തിക്കാനുള്ള ചെലവുപോലും ലഭ്യമാകുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ആർ.ടി.സി. ട്രിപ്പുകൾ നിർത്താൻ യൂണിറ്റ് ഓഫീസുകൾക്ക് നിർദേശം നൽകിയത്.പരീക്ഷക്കാലം, നോമ്പുകാലം എന്നിവയായതിനാൽ യാത്രക്കാരുടെ എണ്ണത്തിൽ വരുന്ന കുറവുംകൂടി കണക്കിലെടുത്താണ് ട്രിപ്പുകൾ കുറയ്ക്കാനുള്ള തീരുമാനം. മാർച്ച് 31 വരെ താത്കാലികമായി ട്രിപ്പുകൾ നിർത്താനാണ് നിർദേശം. ജില്ലയിൽ മാനന്തവാടി ഡിപ്പോയിൽനിന്നാണ് കൂടുതൽ ട്രിപ്പുകൾ നഷ്ടമാവുക.
മാനന്തവാടിയിൽനിന്ന് സുൽത്താൻബത്തേരി, കല്പറ്റ, മൂളിത്തോട്, തിരുനെല്ലി, കുട്ട എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽനിന്നാണ് ട്രിപ്പുകൾ കുറയ്ക്കുന്നത്.സുൽത്താൻബത്തേരി ഡിപ്പോയിൽനിന്ന് മാനന്തവാടി, പുല്പള്ളി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിലെ ട്രിപ്പുകളുമാണ് ഒഴിവാക്കുക. കല്പറ്റ ഡിപ്പോയിൽ ബസുകളുടെ കുറവ് നേരിട്ട സാഹചര്യത്തിൽ ഷെഡ്യൂൾ പുനഃക്രമീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി നേരത്തേത്തന്നെ പ്രവർത്തനച്ചെലവ് ലഭിക്കാത്ത ട്രിപ്പുകൾ കണ്ടെത്തി നിർത്തുകയുംചെയ്തിരുന്നു.സ്വകാര്യബസുകൾ ഇല്ലാത്ത, കെ.എസ്.ആർ.ടി.സി. ഒരു ബസ് മാത്രം സർവീസ് നടത്തുന്നതുമായ പ്രദേശങ്ങളെ ട്രിപ്പ് കുറയ്ക്കൽ ബാധിക്കില്ല. ഇത്തരം സർവീസുകളിൽ കിലോമീറ്ററിന് 28 രൂപ വരുമാനമില്ലെങ്കിലും ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ട്രിപ്പുകൾ മുഴുവൻ ഓടിക്കും.
Comments (0)