നാടിന്റെ വരൾച്ച പ്രശ്‌നങ്ങളറിയാൻ സ്‌ഥാനാർഥികളെത്തണം: കർഷകർ
മുള്ളൻകൊല്ലി അടിസ്‌ഥാന വർഗമായ കർഷകർ നേരിടുന്ന കെടുതികൾ നേരിൽ കണ്ടു മനസ്സിലാക്കാൻ ലോക്സഭാ സ്ഥാനാർഥികൾ വരൾച്ച മേഖലയിലെത്തണമെന്നു കർഷകർ ആവശ്യപ്പെട്ടു. ഓരോ തവണയും ഒട്ടേറെ വാഗ്ദാനങ്ങൾ മാത്രംനൽകുന്ന ജനപ്രതിനിധികളും തകർന്ന കാർഷിക മേഖലയിലെത്തി ആത്മപരിശോധന നടത്തണം. കബനീജലം കാർഷിക മേഖലയിലെത്തിക്കുന്നതു മാത്രമാണു കാർഷിക ജലസേചനത്തിനുള്ള ഏകമാർഗമെന്ന് 2004 ലെ കൊടും വരൾച്ചക്കാലത്ത് പരിസ്‌ഥിതി വിദഗ്‌ധർ ചൂണ്ടിക്കാട്ടിയിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
അന്നു മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി സ്ഥലം സന്ദർശിച്ച് കർഷകർക്ക് മാസങ്ങളോളം സൗജന്യ റേഷൻ അനുവദിക്കുകയും കൃഷി നാശമുണ്ടായവർക്ക് സമയബന്ധിതമായി ധനസഹായം നൽകിയതും കർഷകർ ഓർക്കുന്നു. കാർഷിക ജലസേചനത്തിനുള്ള പദ്ധതികൾ വേഗത്തിൽ നടപ്പാക്കണമെന്ന് അന്നു മുഖ്യമന്ത്രി നിർദേശം നൽകുകയും ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു.കർണാടകയിൽ നിന്നുള്ള മരുഭൂവൽക്കരണം തടയാൻ അതിർത്തി ഗ്രാമങ്ങളിൽ കൃഷി ശക്തിപ്പെടുത്തണം. ഇതിനു ജലസേചനം അത്യാവശ്യമാണ്. കാവേരി ട്രൈബ്യൂണൽ വിധിയനുസരിച്ചുള്ള ജലവിഹിതം ഉപയോഗപ്പെടുത്തി വരൾച്ചയെ പ്രതിരോധിച്ച് ഭൂജലനിരപ്പ് ഉയർത്താമെന്നിരിക്കെ അത്തരത്തിലുള്ള നീക്കങ്ങളെ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളും പ്രമുഖ രാഷ്ട്രീയ പാർട്ടികളും തടസ്സപ്പെടുത്തുകയായിരുന്നെന്നും കർഷകർ പറയുന്നു.
Comments (0)