Posted By Anuja Staff Editor Posted On

ഊട്ടി യാത്ര എളുപ്പമാകില്ല; നിയന്ത്രണങ്ങളുമായി ഹൈക്കോടതി, വാഹനങ്ങളില്‍ പ്രവേശിക്കാന്‍ ഇ-പാസ് വേണം

സഞ്ചാരിപ്രവാഹം പരിധിവിട്ടതോടെ ഊട്ടി, കൊടൈക്കനാല്‍ യാത്രയക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഇതിന്റെ ഭാഗമായി മെയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ നീലഗിരിയിലും കൊടൈക്കനാലിലും പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ഇ-പാസ് ഏര്‍പ്പെടുത്തും. ജില്ല ഭരണകൂടങ്ങള്‍ക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് മാത്രമാണ് പാസ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
സീസണ്‍ സമയത്ത് ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് ഇ-പാസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏതൊക്കെ തരത്തിലുള്ള വാഹനങ്ങളാണ് എത്തുന്നത്, ഇതില്‍ എത്ര സഞ്ചാരികള്‍ എത്തുന്നുണ്ട്, ഇവര്‍ രാത്രി തങ്ങുന്നുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ജില്ല ഭരണകൂടങ്ങള്‍ ശേഖരിക്കും. കോവിഡ് കാലത്തേതിന് സമാനമായ കര്‍ശന ഇ- പാസ് സംവിധാനമാണ് വേണ്ടതെന്നും കോടതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

ഇ-പാസിനോടൊപ്പം ടോളുകള്‍ അടയ്ക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കാനും കോടതി നിര്‍ദേശം നല്‍കി. ഇത് നടപ്പിലായാല്‍ ചെക്ക് പോസ്റ്റുകളിലെ മണിക്കൂറുകള്‍ നീളുന്ന ബ്ലോക്കുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. വേനലവധിക്കാലത്ത് ദിവസവും ഇരുപതിനായിരത്തിലേറെ വാഹനങ്ങളാണ് നീലഗിരിയിലെത്തുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ ആശങ്ക രേഖപ്പെടുത്തിയ കോടതി ഇത് കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും നിരീക്ഷിച്ചു.
_നീലഗിരിയില്‍ നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത കുടിവെള്ള പ്രശ്‌നവും ചര്‍ച്ചയായി. പ്രദേശവാസികള്‍ കുടിവെള്ളത്താനായി ബുദ്ധിമുട്ടുമ്പോള്‍ നീലഗിരിയില്‍ ദിവസവും മുറിയെടുക്കുന്ന പതിനായിരക്കണക്കിന് ടൂറിസ്റ്റുകള്‍ക്ക് എവിടെ നിന്നാണ് വെള്ളം കിട്ടുന്നതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. വേനലവധി ആരംഭിച്ചതോടെ കടുത്ത ചൂടില്‍ നിന്ന് രക്ഷതേടി ഊട്ടിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. ഇതോടെ ഊട്ടി പുഷ്പമേളയും നേരത്തെ നടത്താന്‍ തീരുമാനിച്ചിരുന്നു. മെയ് 17ന് തുടങ്ങാന്‍ തീരുമാനിച്ചിരുന്ന പുഷ്പമേള മെയ് 10 ന് തന്നെ ആരംഭിക്കാനാണ് തീരുമാനം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *