സർവീസിൽ നിന്നും വിരമിച്ച അങ്കണവാടി വർക്കർ, ഹെൽപ്പർമാർക്ക് പ്രതിമാസ പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസമായി.തുച്ഛമായ പെൻഷൻ ലഭിക്കായതോടെ, ജീവിത സായാഹ്നത്തിൽ രോഗത്താലും പ്രായാധിക്യത്താലും വിഷമിക്കുന്ന പതിനായിരങ്ങളാണ് മരുന്നിനും നിത്യചെലവിനും വകയില്ലാതെ വലയുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
1992-ൽ രൂപീകരിച്ച കേരള അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് ക്ഷേമനിധി ബോർഡിൽ സ്വരൂപിച്ചിട്ടുള്ള തുക ഉപയോഗിച്ചാണ് പെൻഷൻ വിതരണം ചെയ്യുന്നത്. ക്ഷേമനിധിയിൽ സർക്കാർ വിഹിതം കുടിശികയായതിനെ തുടർന്നാണ് പെൻഷൻ വിതരണം നിലച്ചതെന്നാണ് സൂചന. അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിൽ 10 വർഷമോ അതിൽ കൂടുതലോ ജോലി ചെയ്‌തവരും ക്ഷേമനിധിയിൽ അംഗത്വമുള്ളവരും ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിൽ മുടക്കം വരുത്താത്തവരുമായ ജീവനക്കാർക്ക് 62 വയസ് തികയുന്ന തീയതി മുതലാണ് പെൻഷൻ ലഭിക്കുന്നത്.വർക്കർമാർക്ക് 2500 രൂപയും, ഹെൽപ്പർമാർക്ക് 1500 രൂപയുമാണ് പെൻഷൻ തുക. നീണ്ട മുറവിളികൾക്കൊടുവിൽ 2010 ആഗസ്‌തിലാണ് അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ പദ്ധതി ആരംഭിച്ചത്. പെൻഷൻ വിതരണത്തിൽ ഏകീകരണമില്ലാത്തതിനാൽ വിതരണം തോന്നുംപടിയാണെന്നാണ് പരാതി.സംസ്ഥാനത്ത് ജില്ല തിരിച്ചാണ് പെൻഷൻ വിതരണം ചെയ്യുന്നത്.ഒരു ജില്ലയിലും പെൻഷൻ വിതരണം പൂർണ്ണമല്ല. ക്ഷേമനിധി ഓഫീസിൽ അന്വേഷിച്ചപ്പോൾ ലൈഫ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല തുടങ്ങിയ ചില മുടന്തൻ കാരണങ്ങൾ പറഞ്ഞ് വലയ്ക്കുകയാണെന്നാണ് പെൻഷൻകാർ പറയുന്നത്. ലൈഫ് സർട്ടിഫിക്കറ്റ് യഥാസമയം നൽകിയിട്ടും ഐസിഡിഎസ് ഓഫീസുകളിലും ബാങ്കിലും കയറിയിറങ്ങി മടുത്തതായും ജീവിക്കാൻ പെടാപ്പാടുപെടുകയാണെന്നും പെൻഷൻകാർ പറയുന്നു.