Posted By Anuja Staff Editor Posted On

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണം; പിടിഎയുടെ പ്രവര്‍ത്തനം മാര്‍ഗനിര്‍ദേശം പാലിച്ചാകണം; വനിതാ കമ്മീഷന്‍ ശുപാര്‍ശ

പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ എല്ലാ സ്‌കൂളുകളിലും സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പരാതി പരിഹാര സംവിധാനമായ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന് കേരള വനിതാ കമ്മിഷന്‍ ശുപാര്‍ശ നല്‍കി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

അധ്യാപക രക്ഷകര്‍ത്തൃ സംഘടന (പിടിഎ) രൂപീകരണവും പിടിഎ എക്‌സിക്യുട്ടീവ് കമ്മറ്റിയുടെ പ്രവര്‍ത്തനവും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പാലിച്ച്‌ ആയിരിക്കണമെന്ന നിര്‍ദേശം എല്ലാ സ്‌കൂളുകള്‍ക്കും നല്‍കണമെന്നും ശുപാര്‍ശ ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ ഓഫീസില്‍ എത്തി സന്ദര്‍ശിച്ച കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവിയും വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രനും ശുപാര്‍ശ കൈമാറി.

ഇന്റേണല്‍ കമ്മറ്റി കൃത്യമായി യോഗം ചേരുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിന് ജില്ലാതലത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഒരു ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തു. പല വിദ്യാലയങ്ങളിലും പോഷ് ആക്‌ട് അനുശാസിക്കുന്ന പരാതിപരിഹാര സംവിധാനം രൂപീകരിച്ചിട്ടില്ല എന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അധ്യാപികമാര്‍ വനിതാ കമ്മിഷനു നല്‍കുന്ന പരാതികളിലൂടെ വ്യക്തമായിട്ടുള്ളത്. രൂപീകരിച്ചിട്ടുള്ളിടത്തു തന്നെ ഇന്റേണല്‍ കമ്മറ്റി കൃത്യമായി യോഗം ചേരുകയോ, പരാതി വന്നു കഴിഞ്ഞാല്‍ അതുപരിഹരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. അതിനാല്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കാത്ത എല്ലാ സ്‌കൂളുകള്‍ക്കെതിരേയും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശ ചെയ്തു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അധ്യാപികമാരുടെ പരാതികള്‍ കമ്മിഷനു മുന്‍പാകെ വന്നിട്ടുള്ള പശ്ചാത്തലത്തിലാണ് പല സ്‌കൂളുകളിലും പോഷ് ആക്‌ട് അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനമായ ഇന്റേണല്‍ കമ്മറ്റി നിയമപ്രകാരം രൂപീകരിച്ചിട്ടില്ല എന്ന കാര്യം വനിതാ കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടത്. സ്‌കൂള്‍ പിടിഎ എക്‌സിക്യുട്ടീവ് കമ്മറ്റിയുടെ രൂപീകരണം സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, ഈ സര്‍ക്കുലറിലെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായല്ല പല സ്‌കൂളുകളിലും പിടിഎ കമ്മറ്റികളുടെ രൂപീകരണവും പ്രവര്‍ത്തനവും നടക്കുന്നതെന്നും വനിതാ കമ്മിഷനു മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുള്ളത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *