ലോക്സഭാ തെരഞ്ഞെടുപ്പുഫലം നാളെ പുറത്തുവരാനിരിക്കേ വയനാട് മണ്ഡലത്തില്‍ അട്ടിമറി ഉണ്ടാകില്ലെന്ന വിശ്വാസത്തില്‍ യുഡിഎഫ്.2019ലേതുപോലെ മികച്ച ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ വിജയക്കൊടി നാട്ടുമെന്നതില്‍ യുഡിഎഫ് നേതാക്കള്‍ക്കും അണികള്‍ക്കും സന്ദേഹമില്ല.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
എന്നാല്‍ നേരിയ ഭൂരിപക്ഷത്തിന് രാഹുല്‍ ഗാന്ധിയെ സിപിഐ സ്ഥാനാർഥി ആനി രാജ മറികടക്കുമെന്നു കരുതുന്നവർ എല്‍ഡിഎഫ് നിരയിലുണ്ട്. വയനാടിനു പുറമേ റായ്ബറേലിയിലും രാഹുല്‍ ഗാന്ധി ജനവിധി തേടിയിരുന്നു.
രണ്ടിടത്തും വിജയിക്കുന്ന പക്ഷം രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്താൻ തീരുമാനിച്ചാല്‍ വയനാട് ഉപതെരഞ്ഞെടുപ്പിലേക്കു നീങ്ങും. ഇതേക്കുറിച്ചും മണ്ഡലത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചർച്ച സജീവമാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ 4,13,394 വോട്ട് ഭൂരിപക്ഷത്തിനാണ് വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത്.
പോള്‍ ചെയ്തതില്‍ സാധുവായ 10,87,783 വോട്ടില്‍ 7,05,034 എണ്ണം അദ്ദേഹത്തിനു ലഭിച്ചു. തൊട്ടടുത്ത എതിർ സ്ഥാനാർഥി സിപിഐയിലെ പി.പി. സുനീറിനു 2,73,971 വോട്ടാണ് നേടാനായത്. 2019ല്‍ 80.33 ആയിരുന്നു മണ്ഡലത്തില്‍ പോളിംഗ് ശതമാനം. ഇക്കുറി വോട്ടർമാരില്‍ 73.48 ശതമാനമാണ് പോളിംഗ് ബൂത്തിലെത്തിയത്. 14,62,423 പേർക്കായിരുന്നു വോട്ടവകാശം. 10,74,623 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
2019നെ അപേക്ഷിച്ച് 6.85 ശതമാനം കുറവാണ് പോളിംഗില്‍ ഉണ്ടായത്. മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലായി ആയിരക്കണക്കിനു വോട്ടർമാരാണ് പോളിംഗ് ബൂത്തില്‍ എത്താതിരുന്നത്. ഇത് തെരഞ്ഞെടുപ്പുഫലത്തില്‍ പ്രതിഫലിക്കുമെന്ന് മുതിർന്ന രാഷ്ട്രീയ നേതാക്കള്‍ കരുതുന്നു.
യുഡിഎഫിനു കിട്ടേണ്ടിയിരുന്ന വോട്ടുകളാണ് പോള്‍ ചെയ്യാതെ പോയതില്‍ അധികവുമെന്നാണ് പൊതുവെ വിലയിരുത്തല്‍. ഇത്തവണ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒന്നര ലക്ഷം വോട്ടിനു താഴെയായാല്‍ അദ്ഭുതപ്പെടേണ്ടതില്ലെന്നു പറയുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും. മുൻ തവണത്തേതുപോലുള്ള രാഹുല്‍ തരംഗത്തിന്‍റെ അഭാവം, പ്രചാരണവേളയില്‍ സ്ഥാനാർഥിയുടെ നാമമാത്ര സാന്നിധ്യം തുടങ്ങിയവ രാഹുലിന്‍റെ ഭൂരിപക്ഷം കുറയ്ക്കുന്ന ഘടകങ്ങളാണെന്ന് അവർ അഭിപ്രായപ്പെടുന്നു.