ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച രണ്ട് മണ്ഡലങ്ങളിലും ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അടുത്ത നീക്കം എന്ത്.കുടുംബവുമായി ഹൃദയ ബന്ധമുള്ള റായ്ബറേലി വേണോ പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന വയനാട് വേണോ എന്നാണ് മുന്നിലുള്ള ചോദ്യം. രാഷ്ട്രീയ നേട്ടങ്ങള്‍ പരിശോധിച്ചാല്‍ റായ്ബറേലി നിലനിര്‍ത്തുന്നതാകും രാഹുല്‍ ഗാന്ധിക്ക് നല്ലത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
റായ്ബറേലി നിലനിര്‍ത്തി വയനാട് സീറ്റ് ഒഴിയാനാണ് സാധ്യത എന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ വയനാട് ലോക്‌സഭാ സീറ്റില്‍ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് വരും. സഹോദരി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ നിന്ന് മല്‍സരിക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം, ജയിച്ച രണ്ട് സീറ്റിലും തുടരാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കില്ലേ? രാജി നിര്‍ബന്ധമാണോ?… എന്താണ് ഇതിന്റെ നിയമവശം എന്ന് പറയാം…
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നത് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലാണ്. രണ്ട് മണ്ഡലങ്ങളില്‍ ഒരു വ്യക്തിക്ക് മല്‍സരിക്കുന്നതിന് നിയമ പ്രകാരം തടസമില്ല. രണ്ട് മണ്ഡലങ്ങളിലും ജയിച്ചാല്‍ എന്തു ചെയ്യണം എന്ന് നിയമം വിശദീകരിക്കുന്നുണ്ട്. ഒരേ സമയം രണ്ട് മണ്ഡലങ്ങളുടെ പ്രതിനിധിയായി തുടരാനാകില്ല. ഒരു മണ്ഡലം നിര്‍ബന്ധമായും ഒഴിയണം.തിരഞ്ഞെടുപ്പ് ഫലം വന്ന് 14 ദിവസത്തിനകം ഏതെങ്കിലും ഒരു മണ്ഡലം ഒഴിയണം എന്ന് ജനപ്രാതിനിധ്യ നിയമത്തിലെ 33(7) വകുപ്പില്‍ വ്യക്തമാക്കുന്നു. ഇത്രയും ദിവസത്തിനുള്ളില്‍ ഒരു സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ രണ്ടു സീറ്റുകളിലെയും വിജയം അസാധുവാകും. ഇവിടെ പിന്നീട് ഉപതിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും. ഇനി ഏതെങ്കിലും ഒരു മണ്ഡലം ഒഴിഞ്ഞാല്‍ ആറ് മാസത്തിനകം അവിടെ ഉപതിരഞ്ഞെടുപ്പ് നടത്തുമെന്നും നിയമം വ്യക്തമാക്കുന്നു.
ഇതുപ്രകാരം ഇനി രാഹുല്‍ ഗാന്ധിക്ക് തീരുമാനമെടുക്കാന്‍ 13 ദിവസമാണ് ബാക്കിയുള്ളത്. ജൂണ്‍ 18നകം വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം തിരഞ്ഞെടുപ്പ് കമ്മഷനെ അറിയിക്കേണ്ടതുണ്ട്. വയനാട്ടിലെത്തുമ്ബോള്‍ വീട്ടിലേക്ക് വരുന്ന ഫീലാണ് എന്ന് രാഹുല്‍ ഗാന്ധി പ്രചാരണ കാലത്ത് പറഞ്ഞിരുന്നു. എന്നാല്‍ ദേശീയ രാഷ്ട്രീയത്തിലെ പ്രാധാന്യം കണക്കിലെടുത്ത് അദ്ദേഹം റായ്ബറേലി നിലനിര്‍ത്തുമെന്നാണ് വിവരം.സ്വാതന്ത്ര്യം ലഭിച്ച ശേഷം ഉത്തര്‍ പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ നെഹ്രു കുടുംബത്തിലുള്ളവരോ അവരുമായി അടുപ്പം നിലനിര്‍ത്തുന്നവരോ ആണ് മല്‍സരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധിക്ക് കുടുംബപരമായ അടുപ്പമുള്ള മണ്ഡലം റായ്ബറേലിയാണ്. ഈ കാരണം തന്നെയാണ് വയനാട് ഒഴിയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നതും.പ്രിയങ്ക ഗാന്ധി ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് പാര്‍ലമെന്റിലെത്തുമെന്ന് നേരത്തെ ജയറാം രമേശ് സൂചിപ്പിച്ചിരുന്നു. അവര്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസിന് ഉറപ്പുള്ള മണ്ഡലമാണ് വയനാട്. പ്രിയങ്ക എത്തിയില്ലെങ്കില്‍ കേരളത്തിലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അവകാശവാദം ഉന്നയിച്ച് രംഗത്തുവരാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യം ഒഴിവാക്കാന്‍ പ്രിയങ്ക എത്തിയേക്കും. അതേസമയം, കെ മുരളീധരനെ വയനാട്ടില്‍ മല്‍സരിപ്പിക്കണമെന്ന ആവശ്യം ചില കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വെക്കുമെന്നാണ് വിവരം.