നാലാംദിവസവും തുടർച്ചയായി മഴ; ജില്ലയിൽ വ്യാപക നാശനഷ്ടം, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

തുടർച്ചയായ നാലാംദിവസവും തുടരുന്ന കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം. പലയിടത്തും മരങ്ങൾ റോഡിലേക്കും വീടുകളിലേക്കും കടപുഴകി വീണു നാശനഷ്ടം നേരിട്ടു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വൈദ്യുതിബന്ധവും തകരാറിലായതോടെ ജനജീവിതം ദുഷ്കരം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്.റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി പനമരം ഗവ. എച്ച്എസ്എസ്, പടിഞ്ഞാറത്തറ ഗവ. എച്ച്എസ്എസ്, പെരിക്കല്ലൂർ പ്രീ മെട്രിക് ബോയ്സ് ഹോസ്റ്റൽ, മേപ്പാടി ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിൽ അപായ സൈറണുകൾ മുഴക്കി

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല–മുണ്ടക്കൈ പ്രദേശങ്ങളിൽ അതിശക്തമായ മഴയാണ്. ഇന്നലെയും പുന്നപ്പുഴയിലൂടെ മലവെള്ളം കുതിച്ചൊഴുകിയെത്തി. സ്കൂൾ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. വെള്ളാർമല സ്കൂൾ കെട്ടിടത്തിനുള്ളിലും വെള്ളം കയറി. വാസയോഗ്യമെന്നു പ്രഖ്യാപിച്ച സ്ഥലങ്ങളിലെ താമസക്കാർ പോലും മഴക്കെടുതിയിലാണ്. പനമരം പുഴയോടു ചേർന്ന താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടയിലാണ്. കാവടം, വരദൂർ പുഴകൾ കരകവിഞ്ഞു. കൽപറ്റ കൈനാട്ടിയിൽ എസ്പി ഓഫിസിനു സമീപം കാറിനു മുകളിലേക്ക് ആൽമരം കടപുഴകി വീണതു ഗതാഗതക്കുരുക്കിനിടയാക്കി. ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ, യന്ത്രസഹായത്തോടെയുള്ള മണ്ണുനീക്കൽ പ്രവൃത്തികൾക്ക് കലക്ടർ നിരോധനമേർപെടുത്തി.വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു. പഞ്ചായത്ത് പരിധിയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ പഞ്ചായത്ത് തലത്തിൽ സന്നദ്ധ സേനയെ രൂപീകരിക്കാൻ തീരുമാനിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ ദുരന്തബാധിത പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ ക്യാംപുകൾ സജ്ജീകരിച്ചതായി യോഗത്തിൽ അറിയിച്ചു.ചൂരൽമല-മുണ്ടക്കൈ ഭാഗങ്ങളിൽ കനത്ത മഴ ഉള്ളതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവയ്ക്കാൻ സ്ഥാപനങ്ങൾക്കു നിർദേശം നൽകാൻ യോഗം ആവശ്യപ്പെട്ടു.

കൽപറ്റ ∙ നഗരസഭാ പരിധിയിലെ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിൽ അപകടകരമായ നിലയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. തൊണ്ടർനാട് ∙ പഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു ഭീഷണിയായ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മരങ്ങൾ മുറിച്ചു മാറ്റാതെ സംഭവിക്കുന്ന അപകടത്തിനും നഷ്ടങ്ങൾക്കും ദുരന്തനിവാരണ നിയമ പ്രകാരം ഉടമസ്ഥനാണ് ഉത്തരവാദി. സർക്കാരിലേക്ക് റിസർവ് ചെയ്ത തേക്ക്,വീട്ടി തുടങ്ങിയ സംരക്ഷിത മരങ്ങൾ മുറിച്ചു മാറ്റാൻ നിലവിലെ ചട്ടങ്ങളും ഉത്തരവുകളും പ്രകാരമുള്ള നടപടി പാലിക്കണം.

മുണ്ടക്കൈ – ചൂരൽമല ടൗൺഷിപ് നിർമാണ പ്രവൃത്തി നിർത്തിവച്ചു. കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ് നിർമാണപ്രവൃത്തി കനത്ത മഴയെത്തുടർന്നു നിർത്തിവച്ചു. വീടുകൾക്ക് അടിത്തറയൊരുക്കാൻ എടുത്ത കുഴികളിലെല്ലാം വെള്ളം കെട്ടിനിൽക്കുകയാണ്. മാതൃകാ വീടിന്റെ കോൺക്രീറ്റ് അടുത്തിടെ പൂർത്തിയായെങ്കിലും മഴ കനത്ത സാഹചര്യത്തിൽ തുടർപ്രവൃത്തി മുടങ്ങി. അടുത്ത മാസത്തോടെ മാതൃകാ വീട് നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. മഴ ശക്തമായി തുടർന്നാൽ നിശ്ചയിച്ച സമയത്തിനുള്ളിൽ ടൗൺഷിപ് നിർമാണം പൂർത്തിയാകുമോ എന്ന ആശങ്ക നിലനിൽക്കുന്നു. മാതൃകാ വീടിനൊപ്പം മറ്റു 30 വീടുകളുടെ നിർമാണവും പുരോഗമിക്കുമ്പോഴാണു മഴയെത്തിയത്. ഡിസംബറിനുള്ളിൽ മുഴുവൻ വീടുകളുടെയും നിർമാണം പൂർത്തിയാക്കുമെന്നാണു പ്രഖ്യാപനം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top