സംസ്ഥാനത്തെ സ്‌കൂളുകളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണ മെനുവിൽ പരിഷ്‌കരണം. ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി തുടങ്ങിയ വിഭവങ്ങൾ ഉള്‍പ്പെടുത്താൻ തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പുതിയ വിവരം വ്യക്തമാക്കിയത്.ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുകയും പുനരാലോചിക്കുകയും ചെയ്യുന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശകൾ പ്രകാരമാണ് പുതിയ മാറ്റങ്ങൾ. നിലവിലെ മെനു പ്ലാനിങ്ങില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി, കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറികളില്‍ വൈവിധ്യം ഉറപ്പാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.ഇലക്കറികൾ മാത്രം കറികളായി ഉപയോഗിക്കുമ്പോൾ, അവയ്ക്ക് പയർ അല്ലെങ്കിൽ പരിപ്പ് വർഗങ്ങൾ ചേർക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. ഫോർട്ടിഫൈഡ് അരി ഉപയോഗിച്ച് തയ്യാറാക്കുന്ന ചോറുകൾക്കൊപ്പം കൂട്ടുകറി, കുറുമ തുടങ്ങിയ ഒരു വെജിറ്റബിള്‍ കറി കൂടി നല്‍കണമെന്നും നിര്‍ദേശമുണ്ട്. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തിയും പരിഗണനയിലെത്തിയതായി മന്ത്രി അറിയിച്ചു.ചെറുധാന്യങ്ങളുടെ പോഷക മൂല്യങ്ങൾ കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ, റാഗി ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങളും പുതുതായി മെനുവിൽ ഉള്‍പ്പെടുത്തി. ശർക്കരയും തേങ്ങയും ചേർത്ത് തയാറാക്കുന്ന റാഗി കൊഴുക്കട്ട, ഇലയട, അവില്‍ കുതിർത്തത്, പാൽ ചേർത്ത ക്യാരറ്റ് പായസം, റാഗി പായസം തുടങ്ങിയവയാണ് അതിൽ ഉൾപ്പെടുന്നത്.