കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നു വീണ് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട സംഭവം സർക്കാറിൻ്റെയും ആശുപത്രി അധികാരികളുടെയും അനാസ്ഥയും നിരുത്തരവാദിത്വവും പ്രകടമാക്കുന്നതാണ്.രക്ഷാ പ്രവർത്തനം വൈകിയതിനാലാണ് ഒരു വിലപ്പെട്ട ജീവൻ രക്ഷപ്പെടുത്താൻ കഴിയാതെ പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ മന്ത്രിമാർ, പൊളിക്കാൻ നിശ്ചയിച്ച് അടച്ചു പൂട്ടിയ കെട്ടിടത്തിൽ ആരുമുണ്ടായിരുന്നില്ലന്ന് പ്രസ്താവിച്ച് സംഭവത്തെ ലഘൂകരിച്ചതാണ് രക്ഷപ്രവർത്തനം വൈകിപ്പിച്ചതെന്ന യാഥാർത്ഥ്യവും പുറത്തു വന്നിട്ടുണ്ട്. സംഭവത്തെ ലഘൂകരിച്ച് കാട്ടി സർക്കാറിൻ്റെ മുഖം മിനുക്കാനുള്ള മന്ത്രിമാരുടെ വ്യഗ്രതയാണ് ഒരു ജീവൻ നഷ്ടപ്പെടുന്നതിലേക്കെത്തിയത്. പൊളിച്ചു മാറ്റാൻ വെച്ച കെട്ടിടം അപകടാവസ്ഥയിലും ആശുപത്രി വാർഡിനോട് ചേർന്ന് നിലനിർത്തിയ അധികാരികളുടെ ഭാഗത്തു നിന്നുമുണ്ടായത് ഗുരുതരമായ തെറ്റാണ്. ഈ കെട്ടിടത്തിൻ്റെ തന്നെ ശുചിമുറി രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിക്കുന്നുണ്ടെന്ന് അധികാരികൾക്ക് അറിയാമായിരുന്നതുമാണ്. ഈ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ സംവിധാനത്തിലെ അപര്യാപ്തകളും ആശങ്കകളും പൊതു സമൂഹവുമായി പങ്കുവെച്ച ഒരു ഡോക്ടർക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ട് പോവുന്ന സർക്കാർ പ്രശ്നങ്ങൾ സിസ്റ്റത്തിൻ്റെ ഭാഗമാണന്ന് പ്രസ്താവനയിറക്കി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് ചെയ്യുന്നത്. ഇത് തന്നെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയിലും പ്രതിഫലിക്കുന്നത്.ഇതൊന്നും ഒറ്റപ്പെട്ട കാര്യങ്ങളല്ല.നമ്പർ വൺ വീമ്പു പറച്ചിലുകളും പി.ആർ.വർക്കുകളും കൊണ്ട് മറച്ചുവെക്കാൻ കഴിയാത്ത വിധത്തിലുള്ള പൊതുജനാരോഗ്യ മേഖലയുടെ രോഗാവസ്ഥയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.സംസ്ഥാന കമ്മിറ്റിസി പി ഐ (എം.എൽ) റെഡ് സ്റ്റാർ. .എറണാകുളം