സംസ്ഥാനത്ത് തുടർച്ചയായി കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണ വിധേയമാക്കുന്നതിനായി സർക്കാർ ഇന്ന് മുതൽ നടപടികൾ ആരംഭിക്കുന്നു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു പോലെ, സപ്ലൈക്കോ ഔട്ട്ലെറ്റുകളിൽ ഇന്ന് മുതൽ ലിറ്ററിന് 457 രൂപ നിരക്കിൽ വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കും.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഓരോ കാർഡിനും ഒരു ലിറ്റർ മാത്രമായിരിക്കും ലഭ്യമാകുക. ശബരി വെളിച്ചെണ്ണയും ഇതേ രീതിയിൽ ഒരു ലിറ്റർ ക്രമത്തിൽ വിതരണം ചെയ്യുമെന്ന് മന്ത്രിയുടെ വിശദീകരണം. സംരംഭകരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് സർക്കാർ വിലക്കയറ്റ നിയന്ത്രണ നടപടികൾ പ്രഖ്യാപിച്ചത്. കേരഫെഡ് ലാഭം ഒഴിവാക്കി ഹോൾസെയിൽ വിലയിൽ വിതരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, കഴിഞ്ഞ ദിവസം നടന്ന സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വെളിച്ചെണ്ണ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് മന്ത്രിയ്ക്കെതിരെ കടുത്ത വിമർശനമുയർന്നു. വിലക്കയറ്റ സമയത്ത് ഭക്ഷ്യവകുപ്പ് നോക്കുകുത്തിയായെന്നും, 13 ഇനങ്ങളിലെ അവശ്യസാധനങ്ങളുടെ വില കൂട്ടില്ലെന്ന സർക്കാരിന്റെ വാഗ്ദാനം നടപ്പായില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നല്ല നിലവാരത്തിലുള്ള എണ്ണ കുറഞ്ഞ വിലയ്ക്ക് വിപണിയിൽ ലഭിക്കുമ്പോൾ, ഉയർന്ന വിലയുള്ള കേര ബ്രാൻഡ് വാങ്ങേണ്ടതെന്തിനാണെന്നും ചോദ്യം ഉയർന്നു.ജില്ലാ സമ്മേളനത്തിൽ സർക്കാർ നടപടികൾക്കും സി.പി.എം നിലപാടുകൾക്കും എതിരെയും വിമർശനം ഉണ്ടായി. ഗവർണറുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടിയുടെ സമീപനം ഇരട്ടത്താപ്പാണെന്നും, തീരുമാനങ്ങളിൽ ഇടതു സർക്കാരിന്റെ സ്വഭാവം നഷ്ടപ്പെടുകയാണെന്നും ചർച്ചയിൽ അഭിപ്രായപ്പെട്ടു. സി.പി.എം വകുപ്പുകളിൽ അനധികൃത നിയമനങ്ങൾ ഉണ്ടെന്ന ആരോപണവും ഉന്നയിക്കപ്പെട്ടു. കൃഷിവകുപ്പിനെയും ഹോർട്ടികോർപ്പിനെയും ലക്ഷ്യംവച്ചും വിമർശനങ്ങൾ ഉണ്ടായി; പൊതുവിപണിയെക്കാൾ വിലയുള്ള ഹോർട്ടികോർപ്പ് പ്രവർത്തനം നിലനിൽക്കുന്നതിന്റെ ആവശ്യകത ചോദ്യംചെയ്യപ്പെട്ടു.
