ആധാർ കാർഡിനെ പൗരത്വത്തിന്റെ അന്തിമ തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവിധ സേവനങ്ങൾക്ക് പ്രാമാണിക തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കാമെങ്കിലും, പൗരത്വം നിർണയിക്കുന്നതിന് അത് അടിസ്ഥാനമാക്കാൻ കഴിയില്ലെന്നാണ് കോടതിയുടെ നിലപാട്. ബിഹാറിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഈ പരാമർശം നടത്തിയത്.ആധാർ കാർഡിലെ വിവരങ്ങൾക്ക് പരിശോധന ആവശ്യമായേക്കാമെന്നും കോടതി വാക്കാൽ നിർദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരിയാണെന്നും, വോട്ടർ പട്ടികയിൽ നിന്ന് അനധികൃതമായി പേരുകൾ ഒഴിവാക്കിയാൽ നിയമപരമായി കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.വോട്ടർ പട്ടിക പരിശോധന നടത്താനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. അവർക്കത് ചെയ്യാൻ അധികാരമുള്ളതായി തെളിഞ്ഞാൽ, അത്തരത്തിലുള്ള നടപടികൾക്ക് തടസം സൃഷ്ടിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.വോട്ടർമാരെ അനാവശ്യമായി പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന സാഹചര്യം ഉണ്ടാകാമെന്ന ആശങ്ക ഹർജിക്കാരുടെ അഭിഭാഷകനായ കപിൽ സിബൽ കോടതിയിൽ ഉന്നയിച്ചു.