യുവാക്കളില്‍ എച്ച്‌ഐവി ബാധ കൂടുന്നു, എച്ച്‌.ഐ.വി. ബാധിതൻ എയ്‌ഡ്സ് രോഗിയാണോ? ലക്ഷണങ്ങള്‍ എന്തെല്ലാം?

2024-25 കാലഘട്ടത്തിലെ കണക്കുകള്‍ പ്രകാരം, കേരളത്തിലെ യുവജനങ്ങളില്‍ എച്ച്‌ഐവി രോഗബാധ വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 14 ശതമാനം പേര്‍ 19 മുതല്‍ 25 വയസ് വരെയുള്ളവരാണ്. 1,213 രോഗികളില്‍ 197 പേര്‍ ഈ പ്രായക്കൂട്ടത്തിലാണ്. മയക്കുമരുന്ന് സിറിഞ്ച് പങ്കുവെക്കല്‍, അണുബാധയുള്ള ടാറ്റൂ സൂചി ഉപയോഗിക്കല്‍, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവയാണ് പ്രധാന കാരണങ്ങളെന്ന് എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി നിരീക്ഷിക്കുന്നു. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത്.യുവാക്കളിലെ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനായി ‘യുവജാഗരണ്‍’ എന്ന സമഗ്ര ആരോഗ്യസുരക്ഷാ ക്യാമ്പെയ്‌നിലൂടെ ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലും പ്രത്യേക ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. നാഷണല്‍ സര്‍വീസ് സ്കീമിന്റെ സഹകരണത്തോടെയാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.മനുഷ്യശരീരത്തിലെ പ്രതിരോധശേഷിയെ ബാധിക്കുന്ന വൈറസാണ് എച്ച്‌.ഐ.വി. (Human Immunodeficiency Virus). ഇത് ശരീരത്തിലെ CD4 കോശങ്ങളെ ആക്രമിക്കുകയും അവയുടെ എണ്ണം 200ല്‍ താഴെയാകുമ്പോള്‍ എയ്ഡ്സ് (Acquired Immunodeficiency Syndrome) എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. എച്ച്‌.ഐ.വി. ബാധിതനായ ഒരാള്‍ക്ക് എയ്ഡ്സിലേക്ക് മാറാന്‍ സാധാരണ 8 മുതല്‍ 15 വര്‍ഷം വരെ എടുക്കും, എന്നാല്‍ ഈ കാലയളവ് വ്യക്തിവ്യക്തിയില്‍ വ്യത്യാസപ്പെടാം.എച്ച്‌.ഐ.വി. പകരുന്ന പ്രധാന മാര്‍ഗങ്ങള്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അണുബാധയുള്ള രക്തം സ്വീകരിക്കല്‍, ലഹരിമരുന്ന് കുത്തിവെപ്പിലൂടെയുള്ള രക്തബന്ധം, കൂടാതെ അമ്മയില്‍നിന്ന് കുഞ്ഞിലേക്കുള്ള രോഗവ്യാപനം (ഗര്‍ഭകാലം, പ്രസവം, മുലയൂട്ടല്‍) എന്നിവയാണ്. രോഗബാധ തടയുന്നതിനായി സുരക്ഷിതമായ ലൈംഗികപദ്ധതികള്‍ പാലിക്കുകയും അണുവിമുക്തമായ മെഡിക്കല്‍ ഉപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ.എയ്ഡ്സ് രോഗലക്ഷണങ്ങളില്‍ ദീര്‍ഘകാല പനി, ഭാരം കുറഞ്ഞുപോകല്‍, സ്ഥിരമായ വയറിളക്കം, വിട്ടുമാറാത്ത ചുമ, വായില്‍ വെളുത്ത പാടുകള്‍, ലിംഫ്‌ഗ്രന്ഥികളുടെ വീക്കം, ഓര്‍മ്മശക്തി കുറയല്‍ എന്നിവ ഉള്‍പ്പെടുന്നു. രോഗനിര്‍ണയത്തിന് ELISA, വെസ്റ്റേണ്‍ ബ്ലോട്ട് തുടങ്ങിയ പരിശോധനകള്‍ മെഡിക്കല്‍ കോളേജുകളിലും ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്.നിലവില്‍ എയ്ഡ്സിന് പൂര്‍ണചികിത്സയില്ലെങ്കിലും ആന്റിറെട്രോ വൈറല്‍ തെറാപ്പി (ART) ഉപയോഗിച്ച് രോഗിയുടെ ആയുസ്സ് കൂട്ടാന്‍ കഴിയും. CD4 കൗണ്ട് 200ല്‍ താഴെയാകുമ്പോഴാണ് ART ആരംഭിക്കുന്നത്, ഒരിക്കല്‍ തുടങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ തുടരണം.വിൻഡോ പീരിയഡിൽ (വൈറസ് ബാധിച്ച ശേഷം 6 മാസം വരെ) ടെസ്റ്റില്‍ ഫലം നെഗറ്റീവ് ആയാലും രോഗവ്യാപനസാധ്യത തുടരുന്നതിനാല്‍ മുന്‍കരുതലുകള്‍ അനിവാര്യമാണ്. ചുംബനം, സാധാരണ സമ്പര്‍ക്കം, ഭക്ഷണം പങ്കുവെക്കല്‍ എന്നിവ വഴി രോഗം പകരില്ലെങ്കിലും രക്തബന്ധം ഉണ്ടാക്കുന്ന സാഹചര്യങ്ങളില്‍ വൈറസ് പകരാന്‍ സാധ്യതയുണ്ട്.എച്ച്‌.ഐ.വി. പരിശോധനയ്ക്ക് മുമ്പും ശേഷവും കൗണ്‍സിലിംഗ് നിര്‍ബന്ധമാണ്. പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ രോഗിയെ മാനസികമായും സാമൂഹികമായും പിന്തുണയ്ക്കുകയും ചികിത്സ തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് കൗണ്‍സിലിംഗിന്റെ ലക്ഷ്യം. ബോധവത്കരണവും മുന്‍കരുതലുകളും മാത്രമാണ് എച്ച്‌.ഐ.വി. വ്യാപനം കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top