താമരശ്ശേരി ചുരം റോഡിൽ ഗതാഗതക്കുരുക്ക് പതിവായ സംഭവമായി മാറുകയാണ്. ചൊവ്വാഴ്ച രാത്രി ഏഴാം വളവിൽ തടി കയറ്റിയ ലോറിയുടെ ആക്സിൽ പൊട്ടിയതോടെ ഉണ്ടായ കുരുക്ക് ബുധനാഴ്ച രാവിലെ ഏഴോടെയാണ് പൂര്‍ണമായി മാറിയത്. രാത്രി മൂന്നുമണിയോടെ ജെ.സി.ബി. എത്തി ലോറി മാറ്റിയെങ്കിലും, ചുരത്തിന് താഴെ കാത്തിരുന്ന വാഹനങ്ങൾ മുകളിലേക്ക് കയറിത്തുടങ്ങിയതോടെ വീണ്ടും ഗതാഗതക്കുരുക്ക് ഉണ്ടായി. ഇടയ്ക്കിടെ ചെറുവാഹനങ്ങൾക്ക് മാത്രമേ കടന്നുപോകാൻ കഴിഞ്ഞുള്ളു. വയനാട്ടും കോഴിക്കോട് നഗരവും തമ്മിൽ യാത്ര ചെയ്യുന്ന നിരവധി പേർ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും, കുടുങ്ങിപ്പോയ അവസ്ഥയിലാണ്. ടോയ്ലറ്റ് പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നു.ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്ന് കരുതിയ വയനാട് ബൈപാസ് പദ്ധതി ഇപ്പോഴും കടലാസിലൊതുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ബജറ്റിൽ ടോക്കൺ തുക അനുവദിച്ചെങ്കിലും തുടർപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. ദേശീയപാത വികസനത്തിന്റെ ഭാഗമായി ബൈപാസിന്റെ സാദ്ധ്യതാ പഠനവും സർവേയും അടിയന്തിരമായി നടത്തേണ്ട സാഹചര്യം നിലനിൽക്കുന്നുണ്ട്. വളവുകളുടെ വീതിക്കുറവ്, അമിതഭാരം കയറ്റിയ ലോറികളുടെ സഞ്ചാരം, ഓവർടേക്കിംഗ്, നിയന്ത്രണം ലംഘിച്ച അമിതവേഗം എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. മുൻപ് ലോറി ഡ്രൈവർമാർ ചുരത്തിന്റെ മുകളിൽ ലക്കിടിയിലും അടിവാരത്തും വാഹനപരിശോധന നടത്തി മാത്രം യാത്ര തുടരുന്ന പതിവ് ഇപ്പോൾ പാലിക്കുന്നില്ല. പൊലീസ് ഇടപെട്ട് വാഹന പരിശോധന ഉറപ്പാക്കുകയും നിയമലംഘനങ്ങൾക്ക് ശക്തമായ നടപടി എടുക്കുകയും വേണം.14 കിലോമീറ്റർ ദൂരമുള്ള ചിപ്പിലത്തോട് – മരുതിലാവ് – തളിപ്പുഴ റൂട്ടിലൂടെയായിരിക്കും ബൈപാസ് നിർമിക്കുന്നത്. നിലവിൽ 200 മീറ്റർ ദൂരം മാത്രം കുറയുന്നെങ്കിലും, 33 കോടി രൂപയുടെ ടോക്കൺ തുക ഇതിനകം അനുവദിച്ചിട്ടുണ്ട്. വളവുകൾ വീതി കൂട്ടുന്ന പ്രവൃത്തി ദേശീയപാത അതോറിറ്റി ഏറ്റെടുത്തിട്ടുണ്ടെന്നും ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.