79ാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി, തുടര്‍ച്ചയായ 12-ാം തവണ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. പ്രസംഗത്തില്‍, രാജ്യത്തിന്റെ ഭാവിയെ ലക്ഷ്യമാക്കി ‘അടുത്ത തലമുറ പരിഷ്‌കാരങ്ങള്‍’ നടപ്പാക്കുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാ മേഖലകളിലും സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.ജനങ്ങള്‍ക്കായി ഇരട്ട സന്തോഷം നല്‍കുന്ന വാര്‍ത്തകളും അദ്ദേഹം പങ്കുവെച്ചു. ജിഎസ്ടി നിരക്കുകള്‍ പുനഃപരിശോധിച്ച് ഗണ്യമായി കുറയ്ക്കുന്ന ‘പുതിയ തലമുറ ജിഎസ്ടി പരിഷ്‌കരണം’ ഉടന്‍ കൊണ്ടുവരുമെന്നും, ഇതിലൂടെ സാധാരണക്കാര്‍ക്ക് നികുതി ഭാരം കുറയുമെന്നും അദ്ദേഹം പറഞ്ഞു.യുവജനങ്ങള്‍ക്കായി ഒരു ലക്ഷം കോടി രൂപയുടെ മഹത്തായ പദ്ധതി പ്രഖ്യാപിച്ച പ്രധാനമന്ത്രി, ‘പ്രധാനമന്ത്രി വികാസ് ഭാരത് റോജ്ഗര്‍ യോജന’ ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ചു. സ്വകാര്യ മേഖലയിലെ ആദ്യ ജോലി ലഭിക്കുന്നവര്‍ക്ക് 15,000 രൂപ പ്രോത്സാഹനമായി നല്‍കുമെന്ന് പദ്ധതിയില്‍ വ്യക്തമാക്കുന്നു.ഈ സ്വാതന്ത്ര്യദിനം, രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ഭാവിക്കും വഴിത്തിരിവാകുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.