വയനാട് ബാണാസുര സാഗർ അണക്കെട്ട് ഇന്ന് ഉച്ചയ്ക്ക് തുറന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയോടെ കെഎസ്‌ഇബി ഒരു ഷട്ടർ പത്ത് സെന്റിമീറ്റർ ഉയർത്തിയാണ് വെള്ളം ഒഴുക്കിത്തുടങ്ങിയത്. രാവിലെ തുറക്കാനിരുന്ന തീരുമാനം, മഴ കുറയുകയും നീരൊഴുക്ക് കുറഞ്ഞതുമൂലം ഉച്ചയിലേക്ക് മാറ്റുകയായിരുന്നു.ബാണാസുരയിൽ ജലനിരപ്പ് 774.40 മീറ്ററിലെത്തി, സംഭരണ ശേഷിയുടെ 92.51 ശതമാനമാണിത്. ഉച്ചയ്ക്ക് ഒന്നരയോടെ തുറന്ന ഷട്ടർ വഴി സെക്കൻഡിൽ പരമാവധി 50 ക്യുബിക്ക് മീറ്റർ വെള്ളം ഒഴുക്കിവിടുമെന്ന് അധികൃതർ അറിയിച്ചു.അതേസമയം, വയനാട്ടിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലും സമാനമായ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.