വനാവകാശ നിയമപ്രകാരം ഭൂമി സ്വന്തമാക്കിയ ചീയമ്പം 73 ഉന്നതിയിലെ അമ്ബതേക്കര്‍ പ്രദേശവാസികള്‍ ഇന്ന് വഴിയില്ലാതെ ദുരിതത്തിലാകുകയാണ്. മഴക്കാലം തുടങ്ങിയതോടെ ഇവരുടെ യാത്രാമാര്‍ഗം പൂര്‍ണമായും ദുഷ്‌കരമായിട്ടുണ്ട്. നിലവിലുള്ള മണ്‍പാത ഗതാഗതയോഗ്യമാക്കണമെന്ന് മന്ത്രിസഭയില്‍ ആവശ്യപ്പെട്ടിട്ട് വര്‍ഷം കഴിഞ്ഞിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ല.മുമ്പ് വൈദ്യുതാഘാതത്തില്‍ ഒരാള്‍ മരിച്ചപ്പോള്‍ സ്ഥലത്തെത്തി മന്ത്രി ഒ.ആര്‍. കേളുവിനോട് നാട്ടുകാര്‍ പ്രശ്നങ്ങള്‍ വിശദീകരിച്ചിരുന്നു. തുടര്‍ന്ന് 2.5 കിലോമീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ എസ്‌റ്റിമേറ്റ് സര്‍ക്കാര്‍ പരിഗണനക്ക് നല്‍കിയിരുന്നെങ്കിലും ഫണ്ട് അനുവദിച്ചില്ല.വഴിയില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് സ്‌കൂളിലെത്താനും, രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാനും, റേഷന്‍ വാങ്ങാനും, കൂലിപ്പണിക്കു പോകാനും പോലും വലിയ ബുദ്ധിമുട്ടാണ്. നൂറിലധികം കുടുംബങ്ങള്‍ ഈ ദുരിതാവസ്ഥയിലാണ് കഴിയുന്നത്.അമ്ബത്താറും അമരക്കുനിയുമായുള്ള ബന്ധം ഉറപ്പാക്കുന്ന പാത നിര്‍മാണം അടിയന്തിരമാണെന്ന് പ്രദേശവാസികളും കേരള ആദിവാസി ഫോറം ഭാരവാഹികളും ആവശ്യപ്പെടുന്നു. റോഡ് നിര്‍മാണത്തിനുള്ള ഫണ്ട് ഉടന്‍ അനുവദിച്ച് പ്രവൃത്തി ആരംഭിക്കണമെന്നാണ് അവരുടെ ആവശ്യം.