ഇന്ന് മുതല്‍ ഓണപ്പരീക്ഷ ;ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഓണപ്പരീക്ഷ ഇന്ന് മുതല്‍ ആരംഭിക്കുന്നു. യുപി, ഹൈസ്കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഇന്ന് മുതല്‍ പരീക്ഷ ആരംഭിക്കുമ്പോള്‍, എല്‍.പി വിഭാഗത്തിലെ പരീക്ഷകള്‍ ബുധനാഴ്ച മുതല്‍ നടക്കും. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളുടെ പരീക്ഷകള്‍ 26-ന് പൂര്‍ത്തിയാകുകയും പ്ലസ് ടു പരീക്ഷ 27-ന് അവസാനിക്കുകയും ചെയ്യും. പരീക്ഷാ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചാല്‍ അന്നത്തെ പരീക്ഷ 29-ന് മാറ്റി നടത്തും. ഒന്നും രണ്ടും ക്ലാസുകളിലെ പരീക്ഷയ്ക്ക് സമയപരിധിയില്ല; കുട്ടികള്‍ എഴുതിത്തീരുമ്പോള്‍ അവസാനിപ്പിക്കാം. മറ്റ് ക്ലാസുകള്‍ക്ക് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാകും.ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ വിദ്യാഭ്യാസ വകുപ്പ് കര്‍ശന മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് മാത്രമേ ചോദ്യക്കടലാസ് അടങ്ങിയ പാക്കറ്റുകള്‍ തുറക്കാവൂ എന്ന് സ്‌കൂളുകളെ അറിയിച്ചിട്ടുണ്ട്. ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നതിനായി ജില്ലാതലത്തില്‍ മൂന്നംഗ പരീക്ഷാസെല്‍ രൂപീകരിച്ചിട്ടുണ്ടെന്നും, വിതരണ സമയത്ത് ഇഷ്യൂ രജിസ്റ്റര്‍ നിര്‍ബന്ധമാണെന്നും നിര്‍ദേശമുണ്ട്. സ്‌കൂളുകള്‍ക്ക് ലഭിക്കുന്ന ചോദ്യക്കടലാസ് മുറിയിലോ അലമാരയിലോ മുദ്രവച്ച് സൂക്ഷിക്കണം. സി-ആപ്റ്റില്‍നിന്നുള്ള ചോദ്യക്കടലാസ് ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍ നേരിട്ട് ഏറ്റുവാങ്ങണം. പാക്കറ്റില്‍ കീറല്‍ കാണുന്ന പക്ഷം ഉടന്‍ ജില്ലാ ഓഫീസിനെ അറിയിക്കണം. ചോദ്യക്കടലാസ് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ മുന്‍കൂട്ടി ഉറപ്പാക്കുകയും, വാങ്ങിയ തീയതി, അധ്യാപകന്റെ പേര്, ഫോണ്‍ നമ്പര്‍, ഒപ്പ് എന്നിവ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം. ചോദ്യക്കടലാസ് പൂര്‍ണ രഹസ്യത്തോടെ സൂക്ഷിക്കണമെന്നും, നഷ്ടമോ നാശനഷ്ടമോ ഉണ്ടെങ്കില്‍ ഉടന്‍ അറിയിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top