ബസ് കാത്തിരിപ്പിന് വേണ്ടി മാത്രം ഉപയോഗിക്കേണ്ട ഒരു കേന്ദ്രം ഇപ്പോൾ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ് വയനാട്ടിൽ. യാത്രക്കാർക്കേക്കാളും കൂടുതലായി സഞ്ചാരികളാണ് ഇവിടെ വാഹനം നിർത്തി സമയം ചിലവഴിക്കുന്നത്. സെൽഫി പകർത്താനും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനുമായി വരുന്നവരുടെ തിരക്കിലാണ് ഈ സ്ഥലവും.പടിഞ്ഞാറത്തറ–മഞ്ഞൂറ പാതയിലെ പതിമൂന്നാം മൈലിൽ കെഎസ്ടിപി നിർമ്മിച്ച ഈ ലളിതമായ ബസ് സ്റ്റോപ്പിൽ നിന്ന് തന്നെ കേരളത്തിലെ ഏറ്റവും വലിയ മൺ അണക്കെട്ടായ ബാണാസുരസാഗറിന്റെ വിദൂര ഭംഗി വ്യക്തമായി കാണാനാവും. വലിയ നിർമ്മാണങ്ങളൊന്നുമില്ലാത്ത ചെറിയ കാത്തിരിപ്പുകേന്ദ്രമായിട്ടും, സോഷ്യൽ മീഡിയയിൽ വൈറലായതോടെ നാട്ടുകാരും സഞ്ചാരികളും കൗതുകത്തോടെ എത്തിത്തുടങ്ങിയിരിക്കുകയാണ്.വൈത്തിരിയിലെ പൂക്കോട് തടാകവും തരിയോട് കർളാട് തടാകവും ബന്ധിപ്പിക്കുന്ന പ്രധാനപാതയുടെ നവീകരണത്തോടൊപ്പം വഴിവിളക്കുകളും സ്ഥാപിച്ചതോടെ ബാണാസുരസാഗറിലേക്കുള്ള യാത്ര സഞ്ചാരികൾക്ക് കൂടുതൽ സുഗമമായിട്ടുണ്ട്. മഴക്കാലത്തും വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഹൈഡൽ കേന്ദ്രമായി മാറിയ ബാണാസുരയുടെ സൗന്ദര്യം കാണാൻ കേരളത്തിനകത്തും പുറത്തുമുള്ളവർ എത്തുകയാണ്. പ്രത്യേകിച്ച് കർണാടക, തമിഴ്നാട്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുമുള്ള സഞ്ചാരികളാണ് കൂടുതലായും ഇവിടെ എത്തുന്നത്.