ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി പ്രത്യേക നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ കുട്ടികൾക്കും നാല് കിലോ അരി വീതം വിതരണം ചെയ്യും. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള ഏകദേശം 24.77 ലക്ഷം കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്നാണ് അരി നൽകുക. അരി നേരിട്ട് സ്കൂളുകളിലെത്തിക്കുന്നതിനുള്ള ചുമതലയും സപ്ലൈക്കോയ്ക്ക് തന്നെയാണ്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോയ്‌ക്ക് 50 പൈസ അധികമായി നൽകും.ജില്ലകളിൽ സ്റ്റോക്ക് കുറവുണ്ടെങ്കിൽ സമീപ ജില്ലകളിലെ ഡിപ്പോകളിൽ നിന്ന് അരി എത്തിച്ച് വിതരണം തടസ്സമില്ലാതെ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള അധിക ചെലവ് നിലവിലെ കടത്തുകൂലി നിരക്കിനുള്ളിൽ തന്നെ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.