പട്ടികവർഗക്കാർക്ക് ഓണസമ്മാനംഓണാഘോഷത്തിന്റെ ഭാഗമായി പട്ടികവർഗ്ഗ വിഭാഗത്തിലെ മുതിർന്നവർക്കായി പ്രത്യേക സഹായം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്തെ കേന്ദ്ര–സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻ ലഭിക്കുന്നവർ ഒഴികെ, 60 വയസിന് മുകളിലുള്ള 52,864 പേർക്ക് 2025-ലെ ഓണസമ്മാനമായി 1000 രൂപ വീതം വിതരണം ചെയ്യും. ഇതിനായി ആവശ്യമായ 5.28 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.ലൈഫ് പദ്ധതിക്ക് വലിയ വായ്പലൈഫ് പദ്ധതിയിൽ വീടുകൾ പണിയുന്നതിനായി സർക്കാർ ഗ്യാരണ്ടിയോടെ വൻതുകയുടെ വായ്പയ്ക്കും മന്ത്രിസഭ അംഗീകാരം നൽകി. നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന 1,27,601 വീടുകൾക്കായി 1100 കോടി രൂപയും, പട്ടികജാതി–പട്ടികവർഗ്ഗ ഗുണഭോക്താക്കൾ കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളിൽ വീടുകൾക്കായി 400 കോടി രൂപയും, ആകെ 1500 കോടി രൂപ വായ്പയായി KURDFC മുഖേന ഹഡ്കോയിൽ നിന്ന് സ്വീകരിക്കും.ഈ വായ്പയുടെ തിരിച്ചടവ് 15 വർഷത്തിനകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനഫണ്ടിൽ നിന്ന് കുറവ് ചെയ്ത് നൽകും. പലിശ തുക ഓരോ വർഷവും സംസ്ഥാന ബജറ്റിൽ നിന്നാണ് സർക്കാർ വഹിക്കുക.