സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കോ പ്രത്യേക മുന്നറിയിപ്പുകളോ ഒന്നുമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ജില്ലാതലത്തിലും അലർട്ടുകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചെറിയ തോതിൽ മഴയ്ക്ക് സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിനിടെ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ടും, 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമ്പോൾ യെല്ലോ അലർട്ടും പ്രഖ്യാപിക്കും. ഇതോടൊപ്പം കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നത് ഒഴിവാക്കാനും ബോട്ടുകളും യാനങ്ങളും സുരക്ഷിതമായ സ്ഥലങ്ങളിൽ കെട്ടി സൂക്ഷിക്കണമെന്നും നിർദ്ദേശം നൽകി. ശക്തമായ കാറ്റ് വീശുന്ന സാഹചര്യം ഉണ്ടാകുമ്പോൾ പരസ്യ ബോർഡുകളുടെയോ വലിയ മരങ്ങളുടെയോ സമീപത്ത് നിൽക്കാതിരിക്കുകയും വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുകയും വേണം. അപകടകരമായ രീതിയിൽ മരങ്ങളോ ബോർഡുകളോ നിലകൊള്ളുന്നുവെങ്കിൽ ഉടൻ നീക്കം ചെയ്യണമെന്നും വൈദ്യുതി പോസ്റ്റുകളോ കേബിളുകളോ പൊട്ടിവീണാൽ ബന്ധപ്പെട്ട അധികാരികളെ ഉടൻ അറിയിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.