നഴ്സിംഗ് കോളേജുകൾക്ക് മന്ത്രിസഭ അനുമതി;പുതിയ 13 തസ്തികകൾ

കേരളത്തിലെ നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് മറ്റൊരു വലിയ മുന്നേറ്റത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിൽ പുതുതായി പ്രവർത്തനം ആരംഭിച്ച സർക്കാർ നഴ്സിംഗ് കോളേജുകൾക്കും, തിരുവനന്തപുരം സർക്കാർ നഴ്സിംഗ് കോളേജിന്റെ അനുബന്ധ സ്ഥാപനത്തിനുമായി 13 പുതിയ അധ്യാപക തസ്തികകളാണ് സൃഷ്ടിച്ചത്.ഇതിൽ 7 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളും 6 അസോസിയേറ്റ് പ്രൊഫസർ തസ്തികകളുമാണ് ഉൾപ്പെടുന്നത്. അഞ്ച് ജില്ലകളിലുമുള്ള കോളേജുകളിൽ ഓരോ അസിസ്റ്റന്റ്, അസോസിയേറ്റ് പ്രൊഫസർ തസ്തിക വീതം സൃഷ്ടിക്കുമ്പോൾ, തിരുവനന്തപുരം അനുബന്ധ സ്ഥാപനത്തിൽ 2 അസിസ്റ്റന്റ് പ്രൊഫസറും, ഒരു അസോസിയേറ്റ് പ്രൊഫസറും നിയമിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ നിയമനങ്ങൾ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.നഴ്സിംഗ് വിദ്യാഭ്യാസത്തിൽ സർക്കാരിന്റെ ഇടപെടലിലൂടെ കഴിഞ്ഞ വർഷം മാത്രം 1020 പുതിയ ബി.എസ്.സി. നഴ്സിംഗ് സീറ്റുകൾ വർധിപ്പിച്ചു. ഇതിൽ സർക്കാർ മേഖലയിൽ 400, സിമെറ്റിൽ 420, സീപാസിൽ 150, കെയ്പിൽ 50 സീറ്റുകളാണ് കൂട്ടിച്ചേർത്തത്. കൂടാതെ പുതുതായി ആരംഭിച്ച ആറു സർക്കാർ നഴ്സിംഗ് കോളേജുകൾക്കായി 79 അധ്യാപക തസ്തികകളും ഇതിനകം സൃഷ്ടിച്ചിരുന്നു.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കാസര്‍ഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ 60 സീറ്റുകളുള്ള പുതിയ നഴ്സിംഗ് കോളേജുകളും, തിരുവനന്തപുരം സർക്കാർ നഴ്സിംഗ് കോളേജിൽ 100 സീറ്റുകളുള്ള പുതിയ ബാച്ചും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സിമെറ്റിലൂടെ നെയ്യാറ്റിൻകര, വർക്ല, കോന്നി, നൂറനാട്, ധർമ്മടം, തളിപ്പറമ്പ്, താനൂർ എന്നിവിടങ്ങളിലുമായി 60 സീറ്റുകൾ വീതമുള്ള കോളേജുകളും നിലവിൽ വന്നിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top