കർണാടക സർക്കാർ വയനാട് മണ്ഡലത്തിനായി 10 കോടി രൂപ അനുവദിച്ചതിനെ ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം ശക്തമാകുന്നു. കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലത്തിന് ഫണ്ട് മാറ്റിവച്ച നടപടി ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തി.മുഖ്യമന്ത്രി സിദ്ധരാമയ്യ കേരളത്തിന്‍റെ മുഖ്യമന്ത്രിപോലെ പെരുമാറുകയാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക പരിഹസിച്ചു. “മലയാളികൾക്ക് ലഭിക്കുന്ന ഭാഗ്യം കന്നഡിഗർക്കും ഉണ്ടായിരുന്നുവെങ്കിൽ, കർണാടകയിലെ ഓരോ മണ്ഡലത്തിനും ധനസഹായം ഉറപ്പായിരുന്നേനെയെന്ന്” അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.സംസ്ഥാന ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയും കടുത്ത വിമർശനം ഉന്നയിച്ചു. “ഡൽഹിയിൽ ‘എന്റെ നികുതി, എന്റെ അവകാശം’ എന്ന് മുദ്രാവാക്യം മുഴക്കുന്ന സിദ്ധരാമയ്യ, കന്നഡിഗരുടെ നികുതി പണം വയനാട്ടിലേക്ക് മാറ്റി നൽകുന്നത് എന്തിനാണ്? പ്രിയങ്ക ഗാന്ധിയുടെ മണ്ഡലം എന്നതിനല്ലാതെ മറ്റൊരു കാരണം ഇല്ല” – വിജയേന്ദ്ര പറഞ്ഞു.അതേസമയം, ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു സർക്കാരിന്റെ നിലപാട് പിന്തുണച്ചു. അയൽ സംസ്ഥാനത്തോടുള്ള മനുഷ്യത്വപരമായ സമീപനമാണ് കർണാടക സ്വീകരിക്കുന്നതെന്നും, അതിൽ കന്നഡിഗർ അഭിമാനിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.