വയനാട്ടിലെ ബാണാസുര മല ഇക്കോ ടൂറിസം കേന്ദ്രം ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. മീന്‍മുട്ടി വെള്ളച്ചാട്ടത്തിന്റെ വന്യസൗന്ദര്യവും ബാണാസുര മലയിലേക്കുള്ള സാഹസിക ട്രക്കിങ്ങും അനുഭവിക്കാനാണ് നിരവധി പേർ എത്തുന്നത്.ഈ വർഷം മഴ ശക്തമായതോടെ വെള്ളച്ചാട്ടത്തിന്‍റെ ഒഴുക്ക് ഇരട്ടിയായി, മലയിടുക്കിലൂടെ പാഞ്ഞിറങ്ങുന്ന വെള്ളത്തിന്റെ കാഴ്ച സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു. വെള്ളച്ചാട്ടത്തിന് സമീപം നിന്നുകൊണ്ട് തന്നെ ആ കാഴ്ച അനുഭവിക്കാനുള്ള സൗകര്യമാണ് ഇവിടെ ഏറ്റവും വലിയ ആകര്‍ഷണം. പ്രകൃതി പാർക്കിലെ പൂന്തോട്ടവും കുട്ടികൾക്ക് ഒരുക്കിയിരിക്കുന്ന ഊഞ്ഞാലാട്ടവും വിനോദസഞ്ചാരികളെ രസിപ്പിക്കുന്നു.ബാണാസുര മലയുടെ മുകളിലെ വ്യൂ പോയിന്റിൽ നിന്ന് മലയും താഴ്വാരവും ഒരേസമയം ആസ്വദിക്കാം. പാറക്കെട്ടുകൾക്കിടയിലൂടെ പതഞ്ഞൊഴുകുന്ന വെള്ളം നൂലുപോലെ താഴേക്ക് പതിക്കുന്ന കാഴ്‌ച മനസ്സില്‍ നിന്നുമാറാത്ത അനുഭവമാണ്.ആനച്ചോല–കാറ്റ്‌കുന്ന് ഭാഗത്തേക്ക് 5.5 കിലോമീറ്റര്‍ നീളുന്ന സാഹസിക മലകയറ്റം ട്രക്കിങ്ങിന് താല്പര്യമുള്ളവര്‍ക്ക് മികച്ച അനുഭവം വാഗ്ദാനം ചെയ്യുന്നു. മഴ കുറയുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്, ഓണക്കാലത്ത് വലിയ തിരക്ക് പ്രതീക്ഷിക്കാം.ദിവസേന 500 പേര്‍ക്ക് വരെ വെള്ളച്ചാട്ട കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുമ്പോള്‍, ട്രക്കിങ്ങിനായി 75 പേര്‍ക്കാണ് അവസരം. വനം വകുപ്പിന്‍റെ സൗത്ത് വയനാട് ഡിവിഷനിലെ കല്‍പ്പറ്റ റേഞ്ച് പടിഞ്ഞാറത്തറ സെക്ഷനിലെ വാരാംബറ്റ വനസംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലാണ് ടൂറിസം കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.