വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഭവന നിർമാണത്തോടൊപ്പം ഊർജോൽപാദനവും ഉൾപ്പെടുത്തി സ്വയംപര്യാപ്തമായ മാതൃകാപദ്ധതി നടപ്പിലാക്കി. ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി ഒരുക്കിയ പദ്ധതിയിൽ വീടുകൾക്കൊപ്പം സൗരോർജ്ജ വിളക്കുകളും കാറ്റാടി യന്ത്രവും സ്ഥാപിച്ച് “കാർബൺ സന്തുലിത പഞ്ചായത്ത്” എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക മുന്നേറ്റമാണ് ഇവിടെ നടന്നത്.ലൈഫ് പദ്ധതിയിലൂടെ വീടും ഭൂമിയുമില്ലാത്ത കുടുംബങ്ങൾക്ക് പുനരധിവാസം നൽകുന്നതിന്, ആറ് ലക്ഷം രൂപ ചെലവഴിച്ച് ഒരു ഏക്കർ സ്ഥലത്ത് 24 വീടുകൾ പണിതു. സംസ്ഥാന, ജില്ലാ, പഞ്ചായത്ത് വിഹിതങ്ങൾക്കും ഹഡ്‌കോ ധനസഹായത്തിനുമാണ് ഫണ്ട് കണ്ടെത്തിയത്. വീടുകളിൽ രണ്ട് കിടപ്പുമുറി, ഹാൾ, പൂമുഖം, ശുചിമുറി, പുകയില്ലാത്ത അടുപ്പ്, വാട്ടർ ടാങ്ക് തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, പൊതുപ്രയോജനങ്ങൾക്ക് 21 സെന്റ് സ്ഥലം മാറ്റിവെച്ചിട്ടുണ്ട്.ഊർജോൽപാദനത്തിനായി 15 സൗരോർജ്ജ വിളക്കുകളും 500 വാട്ട് ശേഷിയുള്ള കാറ്റാടി യന്ത്രവും സ്ഥാപിച്ചു. അനർട്ട്, നബാർഡ്, പഞ്ചായത്ത്, ശ്രേയസ് എൻജിഒ എന്നിവർ ചേർന്ന് 10,40,400 രൂപയാണ് ഇതിനായി ചെലവഴിച്ചത്.പദ്ധതിയിൽ ജൽജീവൻ മിഷന്റെ കുടിവെള്ള കണക്ഷൻ, എംജിഎൻആർഇജിഎസ് വഴിയുള്ള കിണർ, മാലിന്യ സംസ്കരണത്തിനുള്ള ആധുനിക സംവിധാനം, ഇന്റർലോക്ക് വഴികൾ തുടങ്ങി സമഗ്ര വികസന പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് മാതൃകയായ ഈ പദ്ധതി സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധ നേടുന്നതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അറിയിച്ചു.