സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍നിന്നുള്ള രോഗികളാണ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ആറുപേരും വയനാട്ടില്‍ നിന്നുള്ള രണ്ടുപേരുമാണ്. രോഗത്തിന്റെ ഉറവിടം വ്യക്തമാകാത്തത് ആരോഗ്യവകുപ്പിന് ആശങ്കയായി തുടരുമ്പോള്‍, രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. താമരശ്ശേരിയില്‍ രോഗം കണ്ടെത്തിയ പ്രദേശത്ത് നിന്നുള്ള സാമ്ബിളുകളുടെ പരിശോധനാഫലം ഇപ്പോഴും ലഭ്യമായിട്ടില്ല.രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാത്ത രോഗമായിരുന്നാലും, അണുബാധയേറ്റാല്‍ മരണസാധ്യത കൂടുതലായതിനാല്‍ തലവേദന, പനി, ഛര്‍ദ്ദി, വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ട്, കഴുത്ത് തിരിക്കാന്‍ പ്രയാസം, കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കഴിക്കാതിരിക്കുക, അനിയന്ത്രിതമായ പ്രതികരണങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മ്മക്കുറവ് എന്നിവയും പ്രകടമാകാം.പ്രതിരോധത്തിനായി മലിനമായ കുളങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കുന്നത് ഒഴിവാക്കണം. പായല്‍ പിടിച്ചോ മാലിന്യമുള്ളതോ ആയ വെള്ളത്തില്‍ കുളിക്കരുത്, മുഖം കഴുകരുത്. പഴക്കം ചെന്ന ടാങ്കുകളിലെ വെള്ളവും ഉപയോഗിക്കാതിരിക്കുക. മൂക്കിലോ തലയിലോ ശസ്ത്രക്രിയ നടത്തിയവര്‍, തലയില്‍ പരിക്കേറ്റവര്‍, ചെവിയില്‍ പഴുപ്പുള്ളവര്‍ എന്നിവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് ഡൈവ് ചെയ്യുന്നത് ഒഴിവാക്കുകയും, വാട്ടര്‍ തീം പാര്‍ക്കുകളിലും സ്വിമ്മിങ് പൂളുകളിലും വെള്ളം ക്ലോറിനേറ്റ് ചെയ്തതാണെന്ന് ഉറപ്പുവരുത്തുകയും വേണം. മൂക്കിലേക്ക് വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുന്നതും സുരക്ഷിതമാണ്.