വയനാടിന്റെ ഗതാഗത രംഗത്ത് ഏറെ പ്രതീക്ഷകൾ നിറച്ച് മുന്നേറുന്ന ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു. കള്ളാടിയിൽ തുരങ്കം ആരംഭിക്കുന്ന ഭാഗത്തേക്ക് മണ്ണുമാന്തി ഉപയോഗിച്ച് പാത നിർമ്മാണം പുരോഗമിക്കുകയാണ്. ഇതോടൊപ്പം ഓഫീസ് സൗകര്യങ്ങൾക്കായി കണ്ടെയ്‌നറുകൾ എത്തിക്കുകയും തൊഴിലാളികൾക്ക് താമസത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.ഓഗസ്റ്റ് 31-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി തുരങ്കപാതയുടെ നിർമാണം ഉദ്ഘാടനം ചെയ്യും. 2134 കോടി രൂപ ചെലവഴിച്ച് കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ഭോപ്പാൽ ആസ്ഥാനമായ ദിലീപ് ബിൽഡ്‌കോൺ കമ്പനിയാണു നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. മേപ്പാടി റോഡിൽ നിന്ന് 300 മീറ്റർ അകലെയാണ് തുരങ്കം ആരംഭിക്കുക.8.11 കിലോമീറ്റർ നീളമുള്ള ഇരട്ട തുരങ്കങ്ങളായി വികസിപ്പിക്കുന്ന ഈ പദ്ധതി നാലുവരി ഗതാഗത സൗകര്യമൊരുക്കും. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളായ അഗ്നിശമന സംവിധാനം, ടണൽ റേഡിയോ, വെൻറിലേഷൻ, ടെലിഫോൺ, സിസിടിവി, എമർജൻസി കോൾ സംവിധാനം, എസ്‌കേപ്പ് റൂട്ട് ലൈറ്റിംഗ്, ട്രാഫിക് ലൈറ്റ് തുടങ്ങി യാത്രാ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങളും ഉൾപ്പെടുത്തും. ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകളും ഒരുക്കപ്പെടും.നീണ്ട കാലത്തെ ജനാവശ്യത്തിന് മറുപടിയായിട്ടാണ് പദ്ധതിക്ക് രൂപം ലഭിക്കുന്നത്. ഒരിക്കൽ ഒന്നാം പിണറായി സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയതും പിന്നീട് അനുമതികളുടെ തടസ്സങ്ങൾ മറികടന്ന് മുന്നേറിയതുമായ പദ്ധതിയാണ് ഇത്. തുരങ്കപാത യാഥാർഥ്യമാകുന്നതോടെ വയനാടും കോഴിക്കോട് നഗരവും തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയുകയും കർണാടകയിലേക്കുള്ള ബന്ധവും കൂടുതൽ എളുപ്പമാകുകയും ചെയ്യും.“വയനാടിന്റെ നൂറ്റാണ്ടുകളായ സ്വപ്നമാണ് ഈ പദ്ധതി. നിരവധി വെല്ലുവിളികളെ മറികടന്ന് ഇന്നു ഉദ്ഘാടനം നടക്കുന്ന ഘട്ടത്തിലെത്തിയിരിക്കുന്നു,” എന്ന് ലിൻറോ ജോസഫ് എംഎൽഎ പറഞ്ഞു. പ്രവർത്തി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ലിൻറോ ജോസഫ് ചെയർമാനായും ടി. വിശ്വനാഥൻ കൺവീനറായും 501 അംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ടെന്നാണ് വിവരം.