ഓണക്കാലത്തെ പ്രത്യേക പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. മഞ്ഞകാർഡുകാരും (എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളും ആണ് ഈ വിതരണത്തിന്റെ പ്രധാന ഗുണഭോക്താക്കൾ. നാല് പേര്‍ക്ക് ഒരു കിറ്റ് എന്ന കണക്കില്‍ 5,92,657 മഞ്ഞകാർഡുകാരും 10,634 ക്ഷേമ കിറ്റുകളും ഉള്‍പ്പെടെ ആകെ 6,03,291 കിറ്റുകളാണ് വിതരണം ചെയ്യുന്നത്. സെപ്റ്റംബർ 4 വരെയാണ് വിതരണം തുടരുക. കിറ്റുകള്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ പാക്ക് ചെയ്ത ശേഷം റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നു. തുണി സഞ്ചിയില്‍ 14 അവശ്യസാധനങ്ങളടങ്ങിയ ഒരു കിറ്റിന് ഏകദേശം 710 രൂപയാണ് ചെലവാകുന്നത്. ഇതിനായി സർക്കാർ 42.83 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്.വിലവർധന നിയന്ത്രിക്കാൻ പൊതുവിപണിയിൽ അരി അടക്കം കൂടുതൽ സാധനങ്ങൾ വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. വെള്ള കാർഡുകാർക്ക് 15 കിലോ അരി 10.90 രൂപ നിരക്കിലും, നീല കാർഡുകാർക്ക് 10 കിലോ അരിയും, ചുവന്ന കാർഡുകാർക്ക് അഞ്ചു കിലോ അധിക അരിയും ലഭിക്കും. എല്ലാ കാർഡുകാർക്കും മണ്ണെണ്ണയുടെ വിഹിതം ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ, ഓണക്കാലത്ത് ഒരു കാർഡിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25 രൂപ നിരക്കില്‍ അനുവദിക്കുന്ന പ്രത്യേക സംവിധാനവും ഉണ്ടായിരിക്കും.ഇതിനൊപ്പം, സംസ്ഥാനത്തെ വിവിധ ജില്ലകളിലും നിയോജകമണ്ഡലങ്ങളിലും സപ്ലൈകോ ഓണച്ചന്തകള്‍ ആരംഭിച്ചു. പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങിനെ തുടര്‍ന്ന്, ഓണച്ചന്തകള്‍ സെപ്റ്റംബർ 4 വരെ തുടരും. അരി, ഭക്ഷ്യവസ്തുക്കള്‍, ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ എന്നിവ കുറഞ്ഞ വിലയ്ക്ക് ജനങ്ങളിലെത്തിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.ഓണക്കിറ്റില്‍ പഞ്ചസാര, ഉപ്പ്, വെളിച്ചെണ്ണ, പരിപ്പ്, വൻപയർ, ശബരി തേയില, പായസം മിക്സ്, മസാല പൊടികൾ, മില്‍മ നെയ്യ്, കശുവണ്ടി തുടങ്ങി 14 സാധനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതുവിപണിയില്‍ എണ്ണ വില വര്‍ധിച്ച സാഹചര്യത്തില്‍, സപ്ലൈകോ വെളിച്ചെണ്ണയുടെ വില കുറച്ച് 339 രൂപയ്ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുമുണ്ട്. ഇതോടൊപ്പം സണ്‍ഫ്ലവര്‍, പാമോയില്‍, റൈസ് ബ്രാന്‍ ഓയില്‍ തുടങ്ങിയ മറ്റ് എണ്ണകളും കുറവ് വിലയ്ക്ക് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.