കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) പട്ടികജാതി (SC)യും പട്ടികവർഗം (ST)യും ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കായി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ട്രെയിനി) തസ്തികയിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ രണ്ട് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, ഇതിൽ ഒന്ന് SC വിഭാഗത്തിനും മറ്റൊന്ന് ST വിഭാഗത്തിനുമാണ്. അപേക്ഷിക്കാവുന്ന പ്രായപരിധി 20 വയസ്സ് മുതൽ 36 വയസ്സ് വരെയാണ്, 1989 ജനുവരി 2നും 2005 ജനുവരി 1നും ഇടയിൽ ജനിച്ചവർക്കാണ് അവസരം. വിദ്യാഭ്യാസ യോഗ്യതയായി യുജിസി അംഗീകൃത സർവകലാശാലകളിലോ കേരള സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലോ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി നേടിയിരിക്കണം. SC/ST വിഭാഗത്തിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾക്കും ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാനാവില്ല.ശാരീരിക യോഗ്യതകളിൽ പുരുഷന്മാർക്ക് കുറഞ്ഞത് 160 സെ.മീ ഉയരവും 81 സെ.മീ നെഞ്ചളവും (കുറഞ്ഞത് 5 സെ.മീ വിപുലീകരണം) വേണം. വനിതകൾക്ക് കുറഞ്ഞത് 155 സെ.മീ ഉയരം ഉണ്ടായിരിക്കണം. ഇതുകൂടാതെ, ഉദ്യോഗാർത്ഥികൾ കായികക്ഷമതാ പരീക്ഷയ്ക്ക് വിധേയരാകണം. 100 മീറ്റർ ഓട്ടം 14 സെക്കൻഡിൽ പൂർത്തിയാക്കൽ, ഹൈജംപ് 132.20 സെ.മീ, ലോംഗ് ജംപ് 457.20 സെ.മീ, ഷോട്ട്പുട്ട് 609.60 സെ.മീ, ക്രിക്കറ്റ് ബോൾ ത്രോ 6096 സെ.മീ, റോപ്പ് ക്ലൈംബിങ് 365.80 സെ.മീ, പുള്ളപ്പ് 8 തവണ, 1500 മീറ്റർ ഓട്ടം 5 മിനിറ്റ് 44 സെക്കൻഡിൽ പൂർത്തിയാക്കൽ എന്നിവയിൽ നിന്ന് കുറഞ്ഞത് അഞ്ചിൽ യോഗ്യത നേടേണ്ടതാണ്.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 63,700 രൂപ മുതൽ 1,23,700 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷ സമർപ്പിക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിജ്ഞാപനം പരിശോധിക്കണം. ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) പൂർത്തിയാക്കണം. ഇതിനകം രജിസ്റ്റർ ചെയ്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാം. അപേക്ഷ ഫീസ് അടയ്ക്കേണ്ടതില്ല.