കഴിഞ്ഞ സാമ്ബത്തിക വര്‍ഷം മാത്രം കേരളത്തിന് കോടികളുടെ നഷ്ടം; ആശങ്ക അറിയിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാല്‍

ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്നത് സംസ്ഥാനങ്ങളുടെ സാമ്പത്തിക നിലയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ വ്യക്തമാക്കി. സെപ്റ്റംബർ 3, 4 തിയതികളിൽ നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേരളത്തിന്റെ ആശങ്കകൾ ശക്തമായി മുന്നോട്ട് വയ്ക്കുമെന്നും അദ്ദേഹം സെക്രട്ടേറിയറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇപ്പോൾ സംസ്ഥാനങ്ങൾക്ക് സ്വന്തം നികുതി ചുമത്താനാകുന്നത് മദ്യം, പെട്രോൾ, ഡീസൽ എന്നീ മേഖലകളിൽ മാത്രമാണ്. അതിനാൽ ജിഎസ്ടി വരുമാനം കുറയുന്നത് സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെയും ജനക്ഷേമ പദ്ധതികളെയും നേരിട്ട് ബാധിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ജിഎസ്ടി നടപ്പിലാക്കിയപ്പോൾ വാഗ്ദാനം ചെയ്തിരുന്ന നഷ്ടപരിഹാരം കഴിഞ്ഞ വർഷം അവസാനിച്ചതോടെ, കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന് മാത്രം 21,955 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും, ഇത്തവണ കൂടി 8,000 മുതൽ 10,000 കോടി രൂപ വരെ കുറവ് വരാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇൻഷുറൻസ്, ഓട്ടോമൊബൈൽ, വൈറ്റ് ഗുഡ്സ്, സിമന്റ് മേഖലകളിൽ മാത്രം സംസ്ഥാനത്തിന് ആയിരക്കണക്കിന് കോടികളുടെ വരുമാന നഷ്ടം സംഭവിക്കുമെന്നാണു കണക്ക്. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെൻഷനും ചെലവാക്കേണ്ട സാഹചര്യമാണുള്ളത്. അതിനാൽ വരുമാനക്കുറവ് ‘ലൈഫ്’ പദ്ധതി, ചികിത്സ, വിദ്യാഭ്യാസം, നെല്ലിന് താങ്ങുവില എന്നിവയുൾപ്പെടെയുള്ള പൊതുപ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.വിദേശ ആഡംബര വസ്തുക്കളുടെ നികുതി കുറയുന്നത് ആഭ്യന്തര വ്യവസായത്തെയും തൊഴിൽ മേഖലകളെയും ദോഷകരമായി ബാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലോട്ടറി ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമാക്കാനുള്ള നിർദ്ദേശം ഏകദേശം 2 ലക്ഷം പേരുടെ ഉപജീവനത്തിന് തിരിച്ചടിയാകും. കേന്ദ്രം സംസ്ഥാനങ്ങളുടെ വിഹിതം കുറച്ചതും, ലഭിക്കേണ്ട ഗ്രാന്റുകൾ നിഷേധിച്ചതും സംസ്ഥാനത്തിന്റെ ധനസ്ഥിതി വഷളാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഓണത്തിനു മുന്നോടിയായി 20,000 കോടി രൂപയ്ക്ക് മുകളിൽ ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി ശക്തമാകുന്നതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. നികുതി കുറയ്ക്കുന്നതിനെ സംസ്ഥാന സർക്കാർ എതിർക്കുന്നില്ലെങ്കിലും, അതിന്റെ ഗുണം സാധാരണ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും, സംസ്ഥാനങ്ങളുടെ വരുമാനം സംരക്ഷിക്കപ്പെടണമെന്നും, കേരളത്തിന്റെ ന്യായമായ വിഹിതം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top