താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിന് സമീപം ചൊവ്വാഴ്ച വൈകുന്നേരം പാറക്കെട്ട് റോഡിലേക്ക് ഇടിഞ്ഞുവീണതോടെ ഗതാഗതം മണിക്കൂറുകളോളം താറുമാറായി. കോഴിക്കോട്–വയനാട് യാത്രക്കാരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിനിരയായത്. ചെറുവാഹനങ്ങളും ചരക്കുവാഹനങ്ങളുമടക്കം കുടുങ്ങിയതോടെ തൊഴിലാളികളും യാത്രക്കാരും വലയേണ്ടിവന്നു.അപകട ഭീഷണി നിലനിൽക്കുന്നതിനാൽ അധികാരികൾ താത്കാലികമായി ഗതാഗതം നിയന്ത്രിക്കുകയും വാഹനങ്ങളെ വഴിക്കടവ്, കുറ്റ്യാടി മാർഗങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു. എന്നാൽ തിരക്കുമൂലം കുറ്റ്യാടി ചുരം കയറാനും ഇറങ്ങാനും മണിക്കൂറുകൾ ചെലവഴിക്കേണ്ടിവന്നതായി യാത്രക്കാർ പറയുന്നു.ഈ സാഹചര്യം വീണ്ടും ചുരത്തിന് ബദൽ മാർഗങ്ങളുടെ ആവശ്യകതയെ മുന്നിലെത്തിച്ചിട്ടുണ്ട്. വർഷങ്ങളായി ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ, പടിഞ്ഞാറത്തറ–പൂഴിത്തോട്, കുഞ്ഞോം–വിലങ്ങാട്, മേപ്പാടി–ചൂരൽമല–പോത്തുകല്ല്–നിലമ്പൂർ, ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി എന്നീ അഞ്ച് പാതകളാണ് പരിഗണനയിൽ ഉണ്ടായിരുന്നത്. എന്നാൽ പ്രഖ്യാപനങ്ങൾ ഉണ്ടെങ്കിലും ഒന്നും യാഥാർഥ്യമാകാത്തതാണ് സ്ഥിതി.അടുത്തിടെ സർക്കാർ ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത പദ്ധതി മുന്നോട്ടുവെച്ചെങ്കിലും പരിസ്ഥിതി അനുമതിയെച്ചൊല്ലി കേസ് ഹൈക്കോടതിയിൽ തുടരുകയാണ്. അതേസമയം 31ന് പദ്ധതി ഉദ്ഘാടനം നടത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.വയനാട് ജനത ഏറെ നാളായി ആവശ്യമുന്നയിക്കുന്ന മറ്റൊരു പദ്ധതി പടിഞ്ഞാറത്തറ–പൂഴിത്തോട് ബദൽ റോഡാണ്. 16.79 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയ്ക്ക് ആവശ്യമായ വനഭൂമിക്ക് പകരം ഇരട്ടിപ്രദേശം നേരത്തേ തന്നെ കൈമാറിയിട്ടും അനുമതി ലഭിക്കാത്തതിനാൽ പ്രവർത്തി തടസ്സപ്പെട്ടിരിക്കുകയാണ്.2011-ൽ പ്രഖ്യാപിച്ച ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ പാതയും ഇതേ വിധിയാണ്. 14.44 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിന്റെ പകുതിയിലധികം ഭാഗം വനത്തിലൂടെയാണ് കടന്നുപോകേണ്ടത്. അനുമതിയില്ലാത്തതിനാൽ പദ്ധതികൾ വർഷങ്ങളായി നിലച്ചു കിടക്കുകയാണ്.ജനങ്ങളുടെ നിരീക്ഷണം ഒന്നാണ് — തുരങ്കപാതയ്ക്ക് സർക്കാർ കാട്ടുന്ന താത്പര്യം ബദൽ റോഡുകൾക്കും കാട്ടിയിരുന്നുവെങ്കിൽ ഇന്ന് താമരശ്ശേരി ചുരത്തിന്റെ ദുരിതം ഇത്ര ഗുരുതരമായിരുന്നില്ല.