മൈസൂർ–കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി വീണ്ടും മുന്നോട്ട് കൊണ്ടുപോകണമെന്ന് ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു

കോഴിക്കോട്:ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രവും ദേശീയോദ്യാനവും രാജ്യത്തെ പ്രധാന വന്യജീവി ആവാസകേന്ദ്രങ്ങളിലൊന്നാണ്. 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത് കോർ ക്രിട്ടിക്കൽ ടൈഗർ ഹാബിറ്റാറ്റ് ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ബംഗളൂരു, മൈസൂർ, വയനാട്, കോഴിക്കോട് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയായ എൻഎച്ച് 766 ഈ വനമേഖലയിലൂടെ കടന്നുപോകുന്നു. വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി 2009 മുതൽ ഇവിടെ രാത്രിയാത്ര നിരോധനം തുടരുകയാണ്.യാത്രക്കാർക്കും ചരക്കുവാഹനങ്ങൾക്കും ഒരുപോലെ തിരിച്ചടിയാകുന്ന ഈ നിയന്ത്രണം ഗതാഗതത്തിനും വ്യാപാരത്തിനും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ചരക്കുവാഹനങ്ങൾ രാവിലെ ഒരുമിച്ച് പുറപ്പെടുന്നതോടെ താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്കും സാമ്പത്തിക നഷ്ടവും വർധിക്കുന്നതായി വ്യാപാരമേഖല ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, ബന്ദിപ്പൂരിൽ രാത്രിയാത്രാനിയന്ത്രണം വൈകുന്നേരം 6 മണി മുതൽ തന്നെ ആരംഭിക്കണമെന്ന ആവശ്യങ്ങൾ ഉയർന്നതോടെ ആശങ്ക കൂടി.ഈ സാഹചര്യത്തിൽ പ്രശ്നത്തിന് ശാശ്വതപരിഹാരമായി നിർദേശിക്കപ്പെട്ടത് കുട്ട–മാനന്തവാടി–പുറക്കാട്ടിരി ഗ്രീൻഫീൽഡ് ഹൈവേയാണ്. 45 മീറ്റർ വീതിയിലും നാല് വരിയിലുമായി നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്ന ഈ ഇക്കണോമിക് കോറിഡോർ 7134 കോടി രൂപ ചെലവിൽ നടപ്പാക്കാനാണ് പദ്ധതിയിട്ടിരുന്നത്. 2024 ജനുവരിയിൽ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ച ഈ പദ്ധതി പൂർത്തിയായാൽ ബംഗളൂരു–വടക്കൻ കേരളം ഇടയിൽ വനമേഖല ഒഴിവാക്കി 24 മണിക്കൂറും തടസ്സമില്ലാത്ത ഗതാഗതം സാധ്യമാകും.ഡിപിആർ 2025 ജനുവരിയോടെ സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഭാരത് മാല പദ്ധതിയിലെ ചില റോഡ് നിർമാണങ്ങൾ മാറ്റിവെച്ചതോടെ ഗ്രീൻഫീൽഡ് ഹൈവേയും അനിശ്ചിതത്വത്തിലേക്ക് നീങ്ങി. 2024 ഡിസംബറിൽ എംപിമാർ പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയിൽ പദ്ധതി നിലവിൽ പരിഗണനയിൽ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ തുടർന്ന് “വിഷൻ 2047” പദ്ധതിയിൽ 17 റോഡുകൾക്ക് കേരളം നിർദേശം നൽകിയതായി വാർത്തകളുണ്ടായി. ഇതിൽ കുട്ട–പുറക്കാട്ടിരി ഹൈവേയും ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സൂചനകളുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.ബന്ദിപ്പൂരിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാകുന്ന സാഹചര്യം കണക്കിലെടുത്ത്, മൈസൂർ–കുട്ട–മാനന്തവാടി–പുറക്കാട്ടിരി ഇക്കണോമിക് കോറിഡോർ അടിയന്തരമായി പുനരുജ്ജീവിപ്പിച്ച് പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്ന് മൈസൂർ–കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top