മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 45 ദിവസത്തേക്ക് നീളുന്ന ഈ പദ്ധതി മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കാനാണ് തീരുമാനം.ആദ്യഘട്ടത്തിൽ മലയോര പഞ്ചായത്തുകളിൽ വനംവകുപ്പിന്റെ ഹെൽപ്പ്ഡെസ്കുകൾ രൂപീകരിക്കും. ജനപ്രതിനിധികളുടെ സഹകരണത്തോടെ ഗ്രാമതലത്തിൽ പ്രശ്നങ്ങൾ കണ്ടെത്തി, ഉടൻ പരിഹരിക്കാനാകുന്ന കാര്യങ്ങൾ സമയബന്ധിതമായി തീർപ്പാക്കും.രണ്ടാംഘട്ടത്തിൽ ജില്ലാതല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പരിഹരിക്കേണ്ട വിഷയങ്ങൾ പരിഗണിക്കും. എംഎൽഎമാരും മറ്റു ജനപ്രതിനിധികളും പങ്കാളികളാകുന്ന ഈ ഘട്ടത്തിൽ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലൂടെയായിരിക്കും നടപടികൾ.മൂന്നാംഘട്ടത്തിൽ സംസ്ഥാനതലത്തിൽ തീർപ്പാക്കേണ്ട ഗുരുതരമായ പ്രശ്നങ്ങൾ പരിശോധിക്കും. എന്നാൽ സംസ്ഥാനത്തിന് അതീതമായി കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യമായ വിഷയങ്ങൾ നേരിട്ട് അവിടേക്ക് കൈമാറും.സംസ്ഥാനത്ത് നാനൂറിലധികം പഞ്ചായത്തുകൾ വന്യജീവി ആക്രമണ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് പദ്ധതി രൂപം നൽകിയിരിക്കുന്നത്. ഇതിൽ 273 പഞ്ചായത്തുകളിലാണ് പ്രശ്നം കടുത്തത്. മൂന്ന്പതോളം പഞ്ചായത്തുകളിൽ വന്യജീവി ആക്രമണം അതീവ ഗുരുതരമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിലൂടെ മനുഷ്യ-വന്യമൃഗ സംഘർഷത്തെ കുറയ്ക്കാനുള്ള സർക്കാരിന്റെ ശ്രമം കൂടുതൽ ശക്തമാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.