വയനാട്ടിൽ എലിപ്പനി ഗുരുതരമായാരോഗ്യ ഭീഷണിയായി തുടരുന്നതിനാൽ, പനിയടക്കമുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. മോഹൻദാസ് മുന്നറിയിപ്പ് നൽകി. 2024-ൽ ജില്ലയിൽ 403 സ്ഥിരീകരിച്ച കേസുകളും 129 സംശയിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്തപ്പോൾ 25 പേർ മരിച്ചിരുന്നു. 2025 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 45 സ്ഥിരീകരിച്ച കേസുകളും 102 സംശയിക്കുന്ന കേസുകളും കണ്ടെത്തിയതോടെ 18 പേർ മരണമടഞ്ഞിട്ടുണ്ട്. മരണപ്പെട്ടവരിൽ ഭൂരിഭാഗവും യുവാക്കളും മധ്യവയസ്കരുമാണ്, കൂടാതെ പട്ടികവർഗ മേഖലകളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത് പ്രകാരം, രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും ചികിത്സ വൈകിപ്പിച്ചതാണ് ഭൂരിഭാഗം മരണങ്ങൾക്കും കാരണം. എലിപ്പനി ബാധയ്ക്കുള്ള സാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സൗജന്യമായി ലഭ്യമാക്കുന്ന ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളിക ഉപയോഗിക്കാത്തവരിലുമാണ് രോഗബാധ കൂടുതലായി കണ്ടെത്തുന്നത്. എലി, കന്നുകാലികൾ, നായ, പൂച്ച, പന്നി തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെയാണ് രോഗബാധ പകരുന്നത്. മൃഗമൂത്രം കലർന്ന വെള്ളം, ചെളി, വയൽ, അഴുക്കുചാൽ, മലിനപ്രദേശങ്ങൾ എന്നിവയിൽ രോഗാണു ജീവിച്ചിരിക്കുന്നതിനാൽ ചെരുപ്പിടാതെ നടക്കുന്നതും, സുരക്ഷാ ഉപകരണങ്ങളില്ലാതെ ശുചീകരണ ജോലികൾ ചെയ്യുന്നതും രോഗബാധയ്ക്ക് വഴിയൊരുക്കും.രോഗലക്ഷണങ്ങളിലധികവും പനി, തലവേദന, ശരീരവേദന, കണ്ണുകളിൽ ചുവപ്പ് നിറം എന്നിവയാണ്. ചികിത്സ വൈകുകയാണെങ്കിൽ കരൾ, വൃക്ക, ശ്വാസകോശം തുടങ്ങിയ അവയവങ്ങൾ ഗുരുതരമായി ബാധിച്ച് മരണത്തിൽ കലാശിക്കാനും സാധ്യതയുണ്ട്.പ്രതിരോധ മാർഗങ്ങളുടെ ഭാഗമായി തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക, മലിനജലവുമായി സമ്പർക്കം കഴിഞ്ഞാൽ കൈകാലുകൾ സോപ്പിട്ട് കഴുകുക, മണ്ണിലും ചെളിയിലും കുട്ടികളെ കളിക്കാൻ അനുവദിക്കാതിരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച് എലികളുടെ പെരുക്കം തടയുക, ഭക്ഷണം തുറന്നിടാതെ സൂക്ഷിക്കുക എന്നീ കാര്യങ്ങൾ ആരോഗ്യവിഭാഗം നിർദേശിക്കുന്നു. മലിനജലത്തിലും മണ്ണിലും ജോലി ചെയ്യുന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ഡോക്സിസൈക്ലിൻ കഴിക്കണമെന്നും അവർ അറിയിച്ചു.സ്ഥിര മദ്യപാനവും ലഹരി ഉപയോഗവും ലക്ഷണങ്ങളെ അവഗണിക്കുന്നതിനും ചികിത്സ വൈകിപ്പിക്കുന്നതിനും ഇടയാക്കുന്ന സാഹചര്യത്തിൽ, ഇത്തരം ശീലങ്ങളുള്ളവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി. വ്യക്തിശുചിത്വം, പരിസര ശുചിത്വം, സുരക്ഷാ മാർഗങ്ങൾ പാലിക്കൽ, സമയബന്ധിതമായ ചികിത്സ എന്നിവയിലൂടെ എലിപ്പനി പൂർണ്ണമായി തടയാനും മരണങ്ങൾ ഒഴിവാക്കാനും കഴിയുമെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി.