വയനാട്–കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വ്യാപാര, വാണിജ്യ, ടൂറിസം മേഖലകൾക്ക് നവോന്മേഷം നൽകുന്ന ഒരു വലിയ പദ്ധതി യാഥാർത്ഥ്യത്തിലേക്ക് കടക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വയനാടിന് ഏറെ കാലമായി കാത്തിരുന്ന സ്വപ്നപദ്ധതിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.2021-ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ പ്രഖ്യാപിച്ച പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായാണ് വയനാട് തുരങ്കപാത ഉൾപ്പെടുത്തിയിരുന്നത്. സർക്കാരിന്റെ ഉറച്ച തീരുമാനം കൊണ്ടാണ് ഇന്ന് അത് യാഥാർത്ഥ്യമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.പദ്ധതി പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെയാണുള്ളത്. കിഫ്ബി മുഖേന 2143 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കേരളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാതയാവുകയും, ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും നീളം കൂടിയ തുരങ്കപാതയാകുകയും ചെയ്യും.താമരശ്ശേരി ചുരം വഴിയുള്ള ഗതാഗത പ്രശ്നങ്ങൾക്ക് സ്ഥിരപരിഹാരം കണ്ടെത്തുക, പരിസ്ഥിതിയോട് സൗഹൃദപരമായ വികസന മാതൃക നടപ്പിലാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. വരുംതലമുറയ്ക്ക് മികച്ചൊരു ഭാവി സമ്മാനിക്കാനുള്ള കേരളത്തിന്റെ സുസ്ഥിര വികസന മാതൃകയ്ക്കുള്ള പ്രതീകമായാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.