'തുരങ്ക പാത നിര്‍മാണം പുനഃപരിശോധിക്കണം'; വയനാട് തുരങ്ക പാതയ്ക്കെതിരെ മാവോയിസ്റ്റ് പോസ്റ്റര്‍ - Wayanad Vartha

‘തുരങ്ക പാത നിര്‍മാണം പുനഃപരിശോധിക്കണം’; വയനാട് തുരങ്ക പാതയ്ക്കെതിരെ മാവോയിസ്റ്റ് പോസ്റ്റര്‍

വയനാട് തുരങ്കപാതയെ കുറിച്ച് വീണ്ടും വിവാദം. കോഴിക്കോട് പുല്ലൂരാംപാറയിൽ മാവോയിസ്റ്റുകളുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ പൊലീസ് കേസിലേക്ക് വഴിമാറി. യുഎപിഎ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. പോസ്റ്ററിൽ മാവോയിസ്റ്റ് കബനി ദളം എന്ന പേരിലാണ് സന്ദേശങ്ങൾ വന്നിരിക്കുന്നത്.തുരങ്കപാത പശ്ചിമഘട്ടത്തെ തകർക്കുമെന്നും പദ്ധതി പുനഃപരിശോധിക്കണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വൈത്തിരിയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പി. ജലീലിന് നീതി ലഭിക്കണമെന്നും, കീഴടങ്ങിയ മാവോയിസ്റ്റുകൾക്കായുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നും അവയിൽ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ താമരശേരി ഡിവൈഎസ്പി അന്വേഷണം ആരംഭിക്കുകയും എസ്‌ഒജിയും വിവരശേഖരണത്തിന് രംഗത്തെത്തുകയും ചെയ്തു.അതേസമയം, വയനാട് തുരങ്കപാതയുടെ നിർമ്മാണത്തിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിക്കും. വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും നീളമുള്ള, ആകെ 8.735 കിലോമീറ്റർ വരുന്ന കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ് ഇത്. പദ്ധതി പൂർത്തിയായാൽ കോഴിക്കോട്–വയനാട് ഗതാഗതം കൂടുതൽ വേഗത്തിലാകും. യാത്രാസമയം കുറയുകയും വിനോദസഞ്ചാര-വ്യാപാര മേഖലകൾക്ക് വലിയ ഗുണം ലഭിക്കുമെന്നുമാണ് പ്രതീക്ഷ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top