കെ.എസ്.ആർ.ടി.സിയിൽ ഉത്സവകാലത്തേക്കുള്ള ബത്തയും ബോണസും സംബന്ധിച്ച് മന്ത്രിയുടെ പ്രഖ്യാപനം ജീവനക്കാരിൽ പ്രതീക്ഷ ഉണർത്തിയെങ്കിലും യാഥാർത്ഥ്യത്തിൽ വളരെ കുറച്ചുപേര്ക്ക് മാത്രമേ ബോണസ് ലഭിക്കാനാകൂ.മുന്‍പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചതനുസരിച്ച് സ്ഥിരം ജീവനക്കാർക്ക് ശമ്പളം സെപ്റ്റംബർ ഒന്നിന് നൽകുകയും മൂന്നിന് ബോണസും ഉത്സവബത്തയും വിതരണം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. ഉത്സവബത്തയായി സ്ഥിരം ജീവനക്കാർക്ക് 3,000 രൂപയും താത്കാലിക ജീവനക്കാർക്ക് 1,000 രൂപയും നൽകുമെന്നു തീരുമാനിച്ചിരുന്നു. ബോണസിന് അർഹതയുള്ളവർക്ക് 7,000 രൂപ ലഭിക്കുമെന്നുമായിരുന്നു പ്രഖ്യാപനം.എന്നാൽ, 24,000 രൂപയ്ക്കു താഴെ ശമ്പളം ലഭിക്കുന്നവർക്കാണ് ബോണസ് അനുവദിക്കപ്പെടുക. നിലവിൽ 22,500 സ്ഥിരം ജീവനക്കാരിൽ ഭൂരിഭാഗം പേരുടെയും ശമ്പളം 35,000 രൂപയ്ക്ക് മുകളിലാണ്. അതിനാൽ, പത്തിൽ താഴെ പേർക്ക് മാത്രമേ ബോണസ് ലഭിക്കാൻ സാധ്യതയുള്ളൂ. നിലവിലെ സാമ്പത്തിക പ്രതിസന്ധി കാരണം ബോണസ് പരിധി പുതുക്കാനാവില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്.ഇതോടൊപ്പം, 2021 മുതൽ അടിസ്ഥാന ശമ്പളം മാത്രമാണ് നൽകുന്നത് എന്നതും ജീവനക്കാരെ രൂക്ഷമായ പ്രതിഷേധത്തിലേക്ക് നയിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ക്ഷാമബത്ത ലഭിക്കാത്ത ഏക സർക്കാർ സ്ഥാപനമായി തുടരുന്നത് കെ.എസ്.ആർ.ടി.സിയാണെന്നും ക്ഷാമബത്ത അനുവദിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്.