വയനാട്ടിൽ മെഡിക്കൽ കോളേജ് വരുന്നതോടെ ഏറെക്കാലമായി ജനങ്ങൾ കാത്തിരുന്ന ആഗ്രഹം സഫലമായതായി വയനാട് എം.പി. പ്രിയങ്കാ ഗാന്ധി ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
“വയനാട്ടിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ അഭ്യർത്ഥനക്കും സഹോദരൻ രാഹുൽ ഗാന്ധിയുടെ നിരന്തര പരിശ്രമങ്ങൾക്കും ഫലമാണ് ഈ നേട്ടം. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ശബ്ദമുയർത്തിയ എല്ലാവർക്കും നന്ദി. നിർമാണം വേഗത്തിലാക്കി കോളേജ് എത്രയും പെട്ടെന്ന് പ്രവർത്തനക്ഷമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. വികസനത്തിനും പുരോഗതിക്കും വേണ്ടി നമുക്കെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കാം. ഏറെക്കാലമായി ഈ നിമിഷത്തിനായി കാത്തിരുന്ന എന്റെ വയനാട്ടുകാരെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ,” – പ്രിയങ്ക കുറിച്ചു.
വയനാട്, കാസർഗോഡ് ജില്ലകളിലെ സർക്കാർ മെഡിക്കൽ കോളേജുകൾക്കാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയത്. ഓരോ കോളേജിനും 50 എംബിബിഎസ് സീറ്റുകൾ വീതം അനുവദിച്ചിരിക്കുകയാണ്. എൻഎംസി മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് സൗകര്യങ്ങളും ഒരുക്കിയതോടെയാണ് അംഗീകാരം ലഭിച്ചത്.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം തന്നെ സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകൾക്കു കൂടി എൻഎംസി അംഗീകാരം ലഭിച്ചതായി വ്യക്തമാക്കിയിരുന്നു.