അമീബിക് മസ്തിഷ്ക ജ്വരം: പ്രതിരോധം ശക്തം, 12 പേര്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് വ്യാപകമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ 12 പേരാണ് ചികിത്സയിൽ കഴിയുന്നത്, ഇവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.മലപ്പുറം വണ്ടൂർ സ്വദേശിനിക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചതോടെയാണ് കേസുകളുടെ എണ്ണം 12 ആയി ഉയർന്നത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പ് ശക്തമായ പരിശ്രമത്തിലാണ്. ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും, കോഴിക്കോട് ഓമശ്ശേരി സ്വദേശികളായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും, മലപ്പുറം കണ്ണമംഗലം സ്വദേശിനിയും, താമരശ്ശേരി സ്വദേശിനിയായ ഒൻപത് വയസ്സുകാരി പെൺകുട്ടിയും രോഗബാധയെ തുടർന്ന് മരിച്ചിരുന്നു.ആഗോളതലത്തിൽ തന്നെ ഉയർന്ന മരണനിരക്കുള്ള രോഗമായ അമീബിക് മസ്തിഷ്ക ജ്വരത്തെ നിയന്ത്രിക്കാൻ പരിശോധന ശക്തമാക്കുകയും, വിദഗ്ധ ചികിത്സ നൽകുകയും ചെയ്യുന്നതിലൂടെ സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നു. കഴിഞ്ഞവർഷം 36 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ആവശ്യമായ മരുന്നുകളും ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഓഗസ്റ്റ് 30, 31 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യുകയും വീടുകളിലും സ്ഥാപനങ്ങളിലും ജലസംഭരണികൾ ശുചീകരിക്കുകയും ചെയ്യുന്ന പ്രത്യേക പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top