കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചായി കുറഞ്ഞതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കാണിത്. രാജ്യത്തിന്റെ ദേശീയ ശരാശരി 25 ആയപ്പോൾ, കേരളത്തിന്റെ നിരക്ക് അമേരിക്കയുടെ 5.6 നിരക്കിനേക്കാൾ പോലും താഴെയാണെന്നത് സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ വലിയ നേട്ടമാണ്.
സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം (SRS) സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. റിപ്പോർട്ടനുസരിച്ച്, രാജ്യത്ത് ഗ്രാമ-നഗര മേഖലകളിൽ ശിശുമരണനിരക്കിൽ വലിയ വ്യത്യാസമുണ്ട്—ഗ്രാമപ്രദേശങ്ങളിൽ 28 ഉം നഗരപ്രദേശങ്ങളിൽ 19 ഉം. എന്നാൽ, കേരളത്തിൽ ഗ്രാമനഗര മേഖലകളിൽ വ്യത്യാസമില്ലാതെ ഒരേ രീതിയിൽ ശിശുമരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.“ഇത്, ആരോഗ്യ സേവനങ്ങൾ ഗ്രാമ-നഗര ഭേദമില്ലാതെ എല്ലാവർക്കും പ്രാപ്യമാക്കിയിരിക്കുന്നതിനുള്ള തെളിവാണ്,” മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.ആരോഗ്യ പ്രവർത്തകരുടെയും പൊതുജനാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും നിർമോഹിച്ചു നടത്തിയ പരിശ്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്നും, സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു