ഓണാവധിയോടെ പഴശി പാർക്കിന്‍റെ വിനോദസഞ്ചാര സാന്നിധ്യം ഗണ്യമായി വർധിച്ചു. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 7 വരെ 1,876 പേർ പാർക്ക് സന്ദർശിച്ചു. ഈ കാലയളവിൽ ലഭിച്ച വരുമാനം 67,480 രൂപയാണ്. ഓണത്തിന് പിറ്റേന്ന് മാത്രം ടിക്കറ്റ് വിൽപ്പനയിലൂടെ 22,520 രൂപ വരുമാനമായി. അതേസമയം, കഴിഞ്ഞ മധ്യവേനലവധിക്കാലത്ത് (ഏപ്രിൽ–മേയ്) പാർക്ക് 10 ലക്ഷം രൂപയുടെ വരുമാനം നേടിയിരുന്നു.1994-ൽ സാമൂഹ്യ വനവത്കരണ വകുപ്പിൽ നിന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏറ്റെടുത്ത പഴശി പാർക്ക് 4.55 ഹെക്ടർ വിസ്തൃതിയിലാണ് വ്യാപിച്ചു കിടക്കുന്നത്. ലാൻഡ്‌സ്‌കേപ്പിംഗ്, മുളങ്കൂട്ടങ്ങൾ, വെള്ളച്ചാട്ടം, വാട്ടർ ഫൗണ്ടൻ, നടപ്പാതകൾ, കഫ്റ്റീരിയ, ഇരിപ്പിടങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങളാണ് സന്ദർശകരെ ആകർഷിക്കുന്നത്.വയനാട് ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്ന പാർക്കിൽ കുട്ടികൾക്കായി സോർബിംഗ് ബോൾ, മൾട്ടി സീറ്റ് സീസോ, മൾട്ടി പ്ലേ ഫൺ സിസ്റ്റം, മേരി ഗോ റൗണ്ട്, വാട്ടർ കിയോസ്ക്, വാട്ടർ ആക്ടിവിറ്റീസ്, കുടിവെള്ള സൗകര്യം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.പ്രവേശന നിരക്ക് മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ്. കൂടാതെ, പാർക്കിൽ നിന്ന് വള്ളിയൂർക്കാവ് വരെ കബനിയിലൂടെയുള്ള റിഫർ റാഫ്റ്റിങ്ങും മ്യൂസിക് ഫൗണ്ടനും ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഡിടിപിസി മാനേജർ രതീഷ് കുമാർ അറിയിച്ചു.

കുറുവ ദ്വീപിലെ പ്രവേശന നിയന്ത്രണവും യന്ത്രസഹായത്തോടെ മണ്ണെടുക്കാനുള്ള നിയന്ത്രണവും പിൻവലിച്ചു
ജില്ലയില്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് കുറുവ ദ്വീപിലേക്കുള്ള പ്രവേശന നിയന്ത്രണവും യന്ത്രസഹായത്തോടെയുള്ള മണ്ണെടുപ്പ് നിയന്ത്രണവും പിന്‍വലിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡി.ആര്‍. മേഘശ്രീ ഉത്തരവിട്ടു.ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുമ്പോള്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ചു.യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണെടുപ്പ് നടത്തുന്നത് സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചാല്‍ മാത്രമേ ബന്ധപ്പെട്ട വകുപ്പുകള്‍ അനുമതി നല്‍കുകയുള്ളു. നീര്‍ച്ചാലുകള്‍ ഉള്‍പ്പെടെ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം വിലക്കമുള്ള പ്രദേശങ്ങളില്‍ മണ്ണ് നിക്ഷേപിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. മണ്ണ് നീക്കം ചെയ്തതിനെ തുടര്‍ന്ന് അപകടമുണ്ടായാല്‍ അതിന് അനുമതി നല്‍കിയ വകുപ്പിനായിരിക്കും പൂർണ്ണ ഉത്തരവാദിത്വം.അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അല്ലെങ്കില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കുന്ന സാഹചര്യങ്ങളിലും ശക്തമായ മഴ പെയ്യുമ്പോഴും യന്ത്രസഹായത്തോടെ നടത്തുന്ന മണ്ണെടുപ്പ് നിര്‍ത്തിവെയ്ക്കേണ്ടതാണെന്ന് ഉത്തരവില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 10 വയസുകാരിക്ക്
മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയായ 10 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്തി. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10 ആയി.അതേസമയം, കഴിഞ്ഞ ഒരു മാസത്തിനിടെ രോഗം മൂലം ആറുപേര്‍ ജീവന്‍ നഷ്ടപ്പെടുത്തി. കടുത്ത തലവേദന, പനി, ഛര്‍ദ്ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. കുട്ടികളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, അമിതമായ നിശ്ചേഷ്ടത, അസാധാരണമായ പെരുമാറ്റങ്ങള്‍ തുടങ്ങിയവയും രോഗത്തിന്റെ സൂചനകളായി കാണപ്പെടുന്നു.