വയോധികന്‌ ക്രൂരമര്‍ദനം: വധശ്രമക്കേസില്‍ സഹോദരങ്ങള്‍ അറസ്‌റ്റില്‍

തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല ആറാം നമ്പറില്‍ താമസിക്കുന്ന മുരുകന്‍ (65) സഹോദരന്മാരുടെ ക്രൂര മര്‍ദനത്തിനിരയായി ഗുരുതരാവസ്ഥയില്‍. ഇരുമ്പ് കമ്ബി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് പരാതി.കേസിലെ ഒന്നാം പ്രതിയായ മക്കിമല സ്വദേശി മുരുകേശന്‍ (51) — നിരവധി കേസുകളില്‍ പ്രതിയും തലപ്പുഴ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളുമാണ്. സഹോദരന്‍ പുഷ്പരാജന്‍ (54) അഥവാ കണ്ണനുമൊപ്പമാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.ക്രൂര മര്‍ദനത്തെ തുടര്‍ന്ന് മുരുകന്റെ ഇരുകാലുകളും കൈയും പൊട്ടലേറ്റിട്ടുണ്ട്. ശരീരത്തില്‍ പല ഭാഗങ്ങളിലും ഗുരുതര ക്ഷതങ്ങളോടെ അദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.സംഭവത്തിന് പിന്നില്‍ സ്ഥലം കൈയ്യേറാനുള്ള നീക്കങ്ങളാണെന്ന് നാട്ടുകാര്‍ പറയുന്നു. മുരുകന്റെ സമീപവാസിയും അര്‍ബുദരോഗിയായ വിധവ കാവേരിയുടെയും ഭര്‍തൃമാതാവ് സെവനമ്മയുടെയും താമസസ്ഥലം മുരുകേശന്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട പരാതികള്‍ മുമ്പും പൊലീസില്‍ നല്‍കിയിരുന്നു. ഇതിനിടെ മുരുകന്‍ കുടുംബത്തിന് അനുകൂലമായി നിന്നതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാദേശികരുടെ ആരോപണം.സംഭവത്തില്‍ വധശ്രമക്കുറ്റം ചുമത്തി തലപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒന്നാം പ്രതിയായ മുരുകേശന്‍ പിന്നീട് കോടതിയില്‍ കീഴടങ്ങി. സഹോദരന്‍ പുഷ്പരാജനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്തു.

പി എസ് സി: വിവിധ ജില്ലകളില്‍ എൻഡ്യൂറന്റ് ടെസ്റ്റ്

കേരള പി.എസ്.സി നടത്തുന്ന എൻഡ്യൂറൻസ് ടെസ്റ്റുകൾ വിവിധ ജില്ലകളിൽ നടക്കുന്നുണ്ട്. സെപ്തംബർ 17-ന് രാവിലെ 5 മണിക്ക് വയനാട് ജില്ലയിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024) തസ്തികയ്‌ക്കുള്ള ടെസ്റ്റ് നടക്കും. കണ്ണൂർ ജില്ലയിലെ പയ്യാംബലം കോൺക്രീറ്റ് ബ്രിഡ്ജ് സമീപത്തും ടെസ്റ്റിനായി കേന്ദ്രം ക്രമീകരിച്ചിട്ടുണ്ട്.പത്തനംതിട്ട ജില്ലയിലെ മല്ലശ്ശേരി, പ്രമാടം, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സിവിൽ എക്സൈസ് ഓഫീസർ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 744/2024) തസ്തികയ്ക്കും വുമൺ സിവിൽ എക്സൈസ് ഓഫീസർ (പട്ടികജാതി) (കാറ്റഗറി നമ്പർ 562/2024) തസ്തികയ്ക്കും എൻഡ്യൂറൻസ് ടെസ്റ്റ് സെപ്തംബർ 17-ന് രാവിലെ 5 മണിക്ക് നടക്കും. ഡയറക്ട് തസ്തികയ്ക്ക് അപേക്ഷിച്ചവർ ഡയറക്ട് ടെസ്റ്റ് നടക്കുന്ന കേന്ദ്രത്തിലും, എൻസിഎ തസ്തികയ്ക്ക് അപേക്ഷിച്ചവർ എൻസിഎ കേന്ദ്രത്തിലും മാത്രം ഹാജരാകണം.പാലക്കാട് ജില്ലയിലെ മലമ്പുഴ കഞ്ചിക്കോട് റോഡിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024) ജനറൽ വിഭാഗത്തിന്റെയും 739/2023, 740/2023, 455/2024, 557/2024 മുതൽ 561/2024 വരെയുള്ള എൻസിഎ വിഭാഗങ്ങളുടെയും ഉദ്യോഗാർത്ഥികൾക്കായുള്ള ടെസ്റ്റ് രാവിലെ 5 മണിക്ക് നടത്തും.അതേസമയം, 2025 സെപ്തംബർ 16, 17 തീയതികളിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലും എൻഡ്യൂറൻസ് ടെസ്റ്റുകൾ നടക്കും. മലപ്പുറം ജില്ലയിലെ കോട്ടക്കൽ പുത്തൂർ ബൈപാസ് ജംഗ്ഷനിൽ 2.5 കിലോമീറ്റർ ഓട്ടം ടെസ്റ്റ് സംഘടിപ്പിച്ചിരിക്കുകയാണ്. ഉദ്യോഗാർത്ഥികൾ കോട്ടക്കൽ പുത്തൂർ ജിഎംഎൽപി സ്കൂളിൽ ഹാജരാകണം.ടെസ്റ്റുകൾ നടക്കുന്നതിനിടെ റോഡുകളിൽ ഗതാഗത തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

ലേണേഴ്സ് ഡ്രൈവിങ്ങ് ടെസ്റ്റില്‍ വിപുലമായ പരിഷ്കാരങ്ങള്‍: ചോദ്യങ്ങള്‍ 20ല്‍ നിന്ന് 30 ആയി; അറിയാം ബാക്കി മാറ്റങ്ങൾ

ഡ്രൈവിങ് ലൈസൻസ് പരീക്ഷാ സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങൾക്ക് പിന്നാലെ, ഇനി ലേണേഴ്സ് ടെസ്റ്റിലും ഗണ്യമായ പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകുന്നു മോട്ടോർ വാഹന വകുപ്പ്. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ തീരുമാനം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ്.പുതിയ സംവിധാനത്തിൽ, ലേണേഴ്സ് ടെസ്റ്റിൽ ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30 ആക്കി ഉയർത്തിയിരിക്കുന്നു. അതിൽ കുറഞ്ഞത് 18 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയാൽ മാത്രമേ പരീക്ഷ പാസാക്കാനാവൂ. മുൻവിധി പ്രകാരം 20ൽ 12 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നത് മതിയായിരുന്നു.ചോദ്യങ്ങളുടെ എണ്ണം കൂട്ടിയതിനൊപ്പം, ഉത്തരത്തിനായി അനുവദിക്കുന്ന സമയത്തും മാറ്റം വരുത്തിയിട്ടുണ്ട്. ഒരു ചോദ്യത്തിന് നേരത്തെ 15 സെക്കൻഡ് സമയമാണ് ലഭിച്ചിരുന്നത്. ഇനി മുതൽ 30 സെക്കൻഡ് സമയമാണ് അനുവദിക്കുക.ഡ്രൈവിങ് സ്കൂളുകൾ വഴി ചോദ്യങ്ങൾ അടങ്ങിയ പുസ്തകം വിതരണം ചെയ്യുന്ന രീതി അവസാനിപ്പിക്കുകയും പകരം പരീക്ഷയുടെ സിലബസ് മോട്ടോർ വാഹന വകുപ്പിന്റെ MVD Leads മൊബൈൽ ആപ്പിൽ ലഭ്യമാക്കുകയും ചെയ്യും. ഇതിലൂടെ, അപേക്ഷകർക്ക് നേരിട്ട് ആപ്പിൽ നിന്ന് സിലബസ് പഠിക്കാൻ കഴിയുന്നതാണ്.ഈ പരിഷ്കാരങ്ങളിലൂടെ, ലൈസൻസ് അപേക്ഷകരെ ഡ്രൈവിങ് സ്കൂളുകളുടെ ആശ്രിതരാക്കുന്ന രീതി ഒഴിവാക്കുകയാണ് ലക്ഷ്യം. അപേക്ഷകർക്ക് തടസ്സങ്ങളില്ലാതെ പരീക്ഷയ്ക്ക് തയ്യാറാകാൻ കഴിയുന്നതോടെ, സംവിധാനത്തിന് കൂടുതൽ സുതാര്യതയും സൗകര്യവും ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top