ആഘോഷമായി വനിതാ കര്‍ഷകരുടെ നാട്ടി ഉത്സവം

മടത്തുവയല്‍: രണ്ട് ഏക്കറോളം വരുന്ന തറവാട്ട് വയലിൽ അവന്തിക, ശ്രീദേവി, നന്ദന കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകൾ ചേർന്ന് നടത്തിയ നെൽകൃഷിയുടെ കമ്ബളനാട്ടി ഉത്സവം നാട്ടുകാരുടെ പങ്കാളിത്തത്തോടെ ഉത്സവാന്തരീക്ഷമായി. ഗ്രൂപ്പ് അംഗങ്ങൾക്കൊപ്പം തറവാട്ട് അംഗങ്ങളും പ്രദേശവാസികളും ജനപ്രതിനിധികളും പങ്കുചേർന്നപ്പോൾ, കൃഷിയോടുള്ള കൂട്ടായ്മയുടെ ആഘോഷമായി പരിപാടി മാറി.തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രൻ മടത്തുവയൽ അധ്യക്ഷത വഹിച്ചു. രാമൻ ലക്ഷ്മി, ജെസ്സി തോമസ്, ഗിരിജ കുനിയുമ്മൽ, പുഷ്പ മടത്തുവയൽ, ചെറിയ ചന്തു, രാമൻ തേയി, എം.ആർ. ഉണ്ണി, കേളു ചന്ദ്രിക, അണ്ണൻ അമ്മു, ഉഷാവെള്ളൻ, നിഷ ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.സിഡിഎസ് ചെയർപേഴ്സൺ രാധ മണിയൻ സ്വാഗതവും അഗ്രി സി.ആർ.പി ഗീത എ.കെ നന്ദിയും പറഞ്ഞു.

അക്ഷരക്കൂട്ട്’ കുട്ടികളുടെ സാഹിത്യോത്സവം; പുതിയ പദ്ധതി പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

കുട്ടികളുടെ രചനാശേഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ‘അക്ഷരക്കൂട്ട്’ കുട്ടികളുടെ സാഹിത്യോത്സവം സെപ്റ്റംബർ 18, 19 തീയതികളിൽ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിലാണ് വിവരം അറിയിച്ചത്.സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ രചിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദർശനമാണ് സാഹിത്യോത്സവത്തിന്റെ മുഖ്യ ആകർഷണം. ഒന്നാം ക്ലാസുകാരുടെ ഡയറിക്കുറിപ്പുകൾ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച ‘കുരുന്നെഴുത്തുകൾ’ എന്ന പുസ്തകമാണ് ഈ സംസ്ഥാനതല പുസ്തകോത്സവത്തിന് പ്രചോദനമായതെന്ന് മന്ത്രി വ്യക്തമാക്കി.സാഹിത്യോത്സവം തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം ഓഡിറ്റോറിയം, ജവഹർ ബാലഭവൻ, മൺവിള എ.സി.എസ്.ടി.ഐ എന്നിവിടങ്ങളിലാണ് നടക്കുക. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്നോളജിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സാഹിത്യരചനയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശവും ദിശാബോധവും നൽകുക എന്നതാണ് പ്രധാന ലക്ഷ്യം.പരിപാടിയുടെ ഭാഗമായി വിവിധ ക്ലാസുകളിലെ 137 കുട്ടികൾ രചിച്ച പുസ്തകങ്ങളുടെ പ്രദർശനം, പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങൾ, ശിൽപശാലകൾ, കലാപരിപാടികൾ, പുതിയ പുസ്തകങ്ങളുടെ പ്രകാശനം എന്നിവ ഉണ്ടായിരിക്കും. മികച്ച കുട്ടി എഴുത്തുകാർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും. രണ്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള 140ഓളം വിദ്യാർത്ഥികൾ മുഴുവൻ സമയം പരിപാടിയിൽ പങ്കെടുക്കും. കുട്ടികൾക്ക് താമസസൗകര്യം മൺവിളയിലെ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കിയിട്ടുണ്ട്.അധ്യാപകർ കുട്ടികളുടെ പുസ്തകങ്ങൾ വായിച്ച് വിലയിരുത്തിയശേഷം, വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് മെന്റർ ടീച്ചർമാരുടെ നേതൃത്വത്തിൽ ചർച്ച നടത്തും. പിന്നീട് പുസ്തകങ്ങളുടെ വിശകലനം പൊതുവേദിയിൽ അവതരിപ്പിക്കും എന്നതാണ് സാഹിത്യോത്സവത്തിന്റെ പ്രത്യേകത.സാഹിത്യത്തിൽ താൽപര്യമുള്ള മറ്റു കുട്ടികൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ഇതിനായി http://aksharakoot.in എന്ന പ്രത്യേക പോർട്ടലും, കൂടാതെ സെപ്റ്റംബർ 18ന് കനകക്കുന്നിൽ അഞ്ച് കൗണ്ടറുകളിലൂടെയും രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന പ്രദർശനം പൊതുജനങ്ങൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും തുറന്നിരിക്കും. എല്ലാ നിയമസഭാ അംഗങ്ങളെയും പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കുമെന്നും മന്ത്രി അറിയിച്ചു.

ലേണേഴ്സ് ഡ്രൈവിങ്ങ് ടെസ്റ്റില്‍ വിപുലമായ പരിഷ്കാരങ്ങള്‍: ചോദ്യങ്ങള്‍ 20ല്‍ നിന്ന് 30 ആയി; അറിയാം ബാക്കി മാറ്റങ്ങൾ

ഡ്രൈവിങ് ലൈസൻസ് പരീക്ഷാ സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങൾക്ക് പിന്നാലെ, ഇനി ലേണേഴ്സ് ടെസ്റ്റിലും ഗണ്യമായ പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകുന്നു മോട്ടോർ വാഹന വകുപ്പ്. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ തീരുമാനം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ്.പുതിയ സംവിധാനത്തിൽ, ലേണേഴ്സ് ടെസ്റ്റിൽ ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30 ആക്കി ഉയർത്തിയിരിക്കുന്നു. അതിൽ കുറഞ്ഞത് 18 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയാൽ മാത്രമേ പരീക്ഷ പാസാക്കാനാവൂ. മുൻവിധി പ്രകാരം 20ൽ 12 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നത് മതിയായിരുന്നു.ചോദ്യങ്ങളുടെ എണ്ണം കൂട്ടിയതിനൊപ്പം, ഉത്തരത്തിനായി അനുവദിക്കുന്ന സമയത്തും മാറ്റം വരുത്തിയിട്ടുണ്ട്. ഒരു ചോദ്യത്തിന് നേരത്തെ 15 സെക്കൻഡ് സമയമാണ് ലഭിച്ചിരുന്നത്. ഇനി മുതൽ 30 സെക്കൻഡ് സമയമാണ് അനുവദിക്കുക.ഡ്രൈവിങ് സ്കൂളുകൾ വഴി ചോദ്യങ്ങൾ അടങ്ങിയ പുസ്തകം വിതരണം ചെയ്യുന്ന രീതി അവസാനിപ്പിക്കുകയും പകരം പരീക്ഷയുടെ സിലബസ് മോട്ടോർ വാഹന വകുപ്പിന്റെ MVD Leads മൊബൈൽ ആപ്പിൽ ലഭ്യമാക്കുകയും ചെയ്യും. ഇതിലൂടെ, അപേക്ഷകർക്ക് നേരിട്ട് ആപ്പിൽ നിന്ന് സിലബസ് പഠിക്കാൻ കഴിയുന്നതാണ്.ഈ പരിഷ്കാരങ്ങളിലൂടെ, ലൈസൻസ് അപേക്ഷകരെ ഡ്രൈവിങ് സ്കൂളുകളുടെ ആശ്രിതരാക്കുന്ന രീതി ഒഴിവാക്കുകയാണ് ലക്ഷ്യം. അപേക്ഷകർക്ക് തടസ്സങ്ങളില്ലാതെ പരീക്ഷയ്ക്ക് തയ്യാറാകാൻ കഴിയുന്നതോടെ, സംവിധാനത്തിന് കൂടുതൽ സുതാര്യതയും സൗകര്യവും ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top