ഗാസ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇസ്രയേൽ സന്ദർശനത്തിനിടെ ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഇന്ന് പുലർച്ചെയുണ്ടായ ഷെല്ലാക്രമണത്തിലും വെടിവെപ്പിലും 53 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. ഗാസയിലെ 30-ഓളം കെട്ടിടങ്ങളും, ഓഗസ്റ്റിന് ശേഷം 13,000 അഭയാർഥി കൂടാരങ്ങളും, 1,600 പാർപ്പിടങ്ങളും തകർത്തതായി ഗാസ അധികൃതർ അറിയിച്ചു.ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം മാർക്കോ റൂബിയോ വെസ്റ്റേൺ വാൾ സന്ദർശിച്ചു. “യുഎസ്-ഇസ്രയേൽ ബന്ധം ശക്തവും ദൃഢവുമായിരിക്കും” എന്ന് നെതന്യാഹു വ്യക്തമാക്കി. ദോഹയിലെ ആക്രമണം, യുദ്ധാവസ്ഥ, ബന്ദി മോചനം, ഗാസാ സിറ്റി പിടിച്ചെടുക്കൽ, വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കൽ തുടങ്ങി നിരവധി വിഷയങ്ങൾ ഇരുവരുടെയും ചർച്ചകളിൽ ഉൾപ്പെടും. ഇസ്രയേൽ പ്രസിഡൻറ് ഐസക് ഹെർസോഗുമായും റൂബിയോ കൂടിക്കാഴ്ച നടത്തും.സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവനപ്രകാരം, വെസ്റ്റേൺ വാൾ സന്ദർശനം അമേരിക്ക ജറുസലേമിനെ ഇസ്രയേലിന്റെ സ്ഥിരം തലസ്ഥാനമായി അംഗീകരിക്കുന്നതിന്റെ ആവർത്തനമാണ്. 2017-ൽ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ജറുസലേമിനെ ഔദ്യോഗിക തലസ്ഥാനമായി അംഗീകരിക്കുകയും യുഎസ് എംബസി ടെൽ അവീവിൽ നിന്ന് അവിടെ മാറ്റുകയും ചെയ്തിരുന്നു.അതേ സമയം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, പത്ത് ലക്ഷത്തോളം പലസ്തീനികൾ അഭയം പ്രാപിച്ചിരിക്കുന്ന ഗാസാ സിറ്റിയെ പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി ഇസ്രയേൽ മുന്നേറുകയാണ്. ഹമാസിന്റെ അവസാന ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കുന്ന പ്രദേശത്ത് ആക്രമണം ശക്തമാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു. വെടിനിർത്തൽ, ബന്ദി മോചന കരാർ എന്നിവയ്ക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ശ്രമങ്ങൾക്കിടയിലും ആക്രമണം തുടരുന്നതായി നേതാക്കൾ അപലപിച്ചു.

വയോധികന് ക്രൂരമര്‍ദനം: വധശ്രമക്കേസില്‍ സഹോദരങ്ങള്‍ അറസ്‌റ്റില്‍
തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല ആറാം നമ്പറില്‍ താമസിക്കുന്ന മുരുകന്‍ (65) സഹോദരന്മാരുടെ ക്രൂര മര്‍ദനത്തിനിരയായി ഗുരുതരാവസ്ഥയില്‍. ഇരുമ്പ് കമ്ബി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് പരാതി.കേസിലെ ഒന്നാം പ്രതിയായ മക്കിമല സ്വദേശി മുരുകേശന്‍ (51) — നിരവധി കേസുകളില്‍ പ്രതിയും തലപ്പുഴ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളുമാണ്. സഹോദരന്‍ പുഷ്പരാജന്‍ (54) അഥവാ കണ്ണനുമൊപ്പമാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.ക്രൂര മര്‍ദനത്തെ തുടര്‍ന്ന് മുരുകന്റെ ഇരുകാലുകളും കൈയും പൊട്ടലേറ്റിട്ടുണ്ട്. ശരീരത്തില്‍ പല ഭാഗങ്ങളിലും ഗുരുതര ക്ഷതങ്ങളോടെ അദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.സംഭവത്തിന് പിന്നില്‍ സ്ഥലം കൈയ്യേറാനുള്ള നീക്കങ്ങളാണെന്ന് നാട്ടുകാര്‍ പറയുന്നു. മുരുകന്റെ സമീപവാസിയും അര്‍ബുദരോഗിയായ വിധവ കാവേരിയുടെയും ഭര്‍തൃമാതാവ് സെവനമ്മയുടെയും താമസസ്ഥലം മുരുകേശന്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട പരാതികള്‍ മുമ്പും പൊലീസില്‍ നല്‍കിയിരുന്നു. ഇതിനിടെ മുരുകന്‍ കുടുംബത്തിന് അനുകൂലമായി നിന്നതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാദേശികരുടെ ആരോപണം.സംഭവത്തില്‍ വധശ്രമക്കുറ്റം ചുമത്തി തലപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒന്നാം പ്രതിയായ മുരുകേശന്‍ പിന്നീട് കോടതിയില്‍ കീഴടങ്ങി. സഹോദരന്‍ പുഷ്പരാജനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്തു.

പി എസ് സി: വിവിധ ജില്ലകളില്‍ എൻഡ്യൂറന്റ് ടെസ്റ്റ്
കേ രള പി.എസ്.സി നടത്തുന്ന എൻഡ്യൂറൻസ് ടെസ്റ്റുകൾ വിവിധ ജില്ലകളിൽ നടക്കുന്നുണ്ട്. സെപ്തംബർ 17-ന് രാവിലെ 5 മണിക്ക് വയനാട് ജില്ലയിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024) തസ്തികയ്‌ക്കുള്ള ടെസ്റ്റ് നടക്കും. കണ്ണൂർ ജില്ലയിലെ പയ്യാംബലം കോൺക്രീറ്റ് ബ്രിഡ്ജ് സമീപത്തും ടെസ്റ്റിനായി കേന്ദ്രം ക്രമീകരിച്ചിട്ടുണ്ട്.പത്തനംതിട്ട ജില്ലയിലെ മല്ലശ്ശേരി, പ്രമാടം, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സിവിൽ എക്സൈസ് ഓഫീസർ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 744/2024) തസ്തികയ്ക്കും വുമൺ സിവിൽ എക്സൈസ് ഓഫീസർ (പട്ടികജാതി) (കാറ്റഗറി നമ്പർ 562/2024) തസ്തികയ്ക്കും എൻഡ്യൂറൻസ് ടെസ്റ്റ് സെപ്തംബർ 17-ന് രാവിലെ 5 മണിക്ക് നടക്കും. ഡയറക്ട് തസ്തികയ്ക്ക് അപേക്ഷിച്ചവർ ഡയറക്ട് ടെസ്റ്റ് നടക്കുന്ന കേന്ദ്രത്തിലും, എൻസിഎ തസ്തികയ്ക്ക് അപേക്ഷിച്ചവർ എൻസിഎ കേന്ദ്രത്തിലും മാത്രം ഹാജരാകണം.പാലക്കാട് ജില്ലയിലെ മലമ്പുഴ കഞ്ചിക്കോട് റോഡിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024) ജനറൽ വിഭാഗത്തിന്റെയും 739/2023, 740/2023, 455/2024, 557/2024 മുതൽ 561/2024 വരെയുള്ള എൻസിഎ വിഭാഗങ്ങളുടെയും ഉദ്യോഗാർത്ഥികൾക്കായുള്ള ടെസ്റ്റ് രാവിലെ 5 മണിക്ക് നടത്തും.അതേസമയം, 2025 സെപ്തംബർ 16, 17 തീയതികളിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലും എൻഡ്യൂറൻസ് ടെസ്റ്റുകൾ നടക്കും. മലപ്പുറം ജില്ലയിലെ കോട്ടക്കൽ പുത്തൂർ ബൈപാസ് ജംഗ്ഷനിൽ 2.5 കിലോമീറ്റർ ഓട്ടം ടെസ്റ്റ് സംഘടിപ്പിച്ചിരിക്കുകയാണ്. ഉദ്യോഗാർത്ഥികൾ കോട്ടക്കൽ പുത്തൂർ ജിഎംഎൽപി സ്കൂളിൽ ഹാജരാകണം.ടെസ്റ്റുകൾ നടക്കുന്നതിനിടെ റോഡുകളിൽ ഗതാഗത തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.