
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജയിൽ വകുപ്പ് (പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ്) വനിതകൾക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) നടത്തുന്ന ഈ നിയമനത്തിന് വെറും പത്താം ക്ലാസ് യോഗ്യത മതിയാകുന്നതാണ്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഒക്ടോബർ 15 വരെയാണ്. കാറ്റഗറി നമ്പർ 360/2025 പ്രകാരമുള്ള ഒഴിവുകൾ കേരളത്തിലുടനീളം നിലവിലുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ₹27,900 മുതൽ ₹63,700 വരെ ശമ്പളമായി ലഭിക്കും.18 മുതൽ 36 വയസ് വരെയുള്ള വനിത ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാവുക. 02.01.1989നും 01.01.2007നും ഇടയിൽ ജനിച്ചവർ അപേക്ഷിക്കാൻ യോഗ്യരാണ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത പ്രായ ഇളവും ലഭിക്കും. പുരുഷ ഉദ്യോഗാർത്ഥികൾക്കും ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കും ഈ അവസരത്തിന് അപേക്ഷിക്കാനാകില്ല.ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 150 സെ.മീ ഉയരം ഉണ്ടായിരിക്കണം. കായികമായി ഫിറ്റായിരിക്കണം, കൂടാതെ കാഴ്ച, കേൾവി, സംസാരശക്തി എന്നിവയിൽ കുറവുകൾ ഉണ്ടാകരുത്. വർണ്ണാന്ധത, സ്ക്വിന്റ്, പരന്ന പാദം, വളഞ്ഞ കാലുകൾ തുടങ്ങിയ ശാരീരിക ന്യൂനതകൾ ഉള്ളവർക്ക് അപേക്ഷിക്കാനാകില്ല.കൂടാതെ, 100 മീറ്റർ ഓട്ടം (17 സെക്കന്റ്), ഹൈജമ്പ് (1.06 മീറ്റർ), ലോംഗ് ജമ്പ് (3.05 മീറ്റർ), ഷോട്ട് പുട്ട് (4.88 മീറ്റർ), 200 മീറ്റർ ഓട്ടം (36 സെക്കന്റ്), ത്രോ ബോൾ (14 മീറ്റർ), ഷട്ടിൽ റേസ് (26 സെക്കന്റ്), സ്കിപ്പിങ് (80 തവണ) എന്നിവയുള്‍പ്പെടുന്ന 8 കായിക ഇനങ്ങളിൽ കുറഞ്ഞത് 5 എണ്ണം വിജയിക്കണം.അപേക്ഷകർ http://www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പൂർത്തിയാക്കിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തവർ user IDയും passwordും ഉപയോഗിച്ച് ലോഗിൻ ചെയ്ത് സ്വന്തം പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കണം. ഓരോ തസ്തികയ്ക്കും notification-നൊപ്പം കാണുന്ന Apply Now ബട്ടൺ വഴി മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷാ ഫീസ് വേണ്ടതില്ല. അപേക്ഷിക്കുന്നതിന് മുമ്പ് പ്രൊഫൈലിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തണം.

കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ വരാന്‍ പോകുന്നത് സുപ്രധാന മാറ്റം
കോടതി കുറ്റവിമുക്തരാക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് സ്റ്റേഷന്‍ രജിസ്റ്ററുകളില്‍നിന്ന് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലേക്കും സര്‍ക്കുലര്‍ അയയ്ക്കാന്‍ പൊലീസ് ആസ്ഥാനത്തോട് ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.കോടതി വെറുതെ വിടുന്നവരുടെ പേര് പൊലീസ് രേഖകളില്‍ തുടര്‍ന്നും നിലനില്‍ക്കുന്നത് കാരണം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതില്‍ പ്രതിസന്ധി നേരിടുന്നുവെന്ന പരാതിയിലാണ് നടപടി.സ്റ്റേഷന്‍ രജിസ്റ്ററില്‍നിന്ന് കുറ്റവിമുക്തരുടെ വിവരങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലീസ് മാനുവല്‍ കാലാനുസൃതമായി പരിഷ്‌കരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി കമ്മീഷനെ അറിയിച്ചു. മൂന്നു മാസത്തിനകം പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ ഒരു കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര ഭീഷണി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 59കാരന് രോഗം സ്ഥിരീകരിച്ചതോടെ, ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 12 ആയി.ആരോഗ്യപ്രശ്നങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, സമരങ്ങളിൽ പോലീസ് ഉപയോഗിക്കുന്ന ജലപീരങ്കികളിലെ വെള്ളത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക ഉയർന്നു. ജലപീരങ്കി ഉപയോഗിക്കുന്നതിന് പ്രത്യേകം മാർഗ്ഗനിർദ്ദേശങ്ങൾ നൽകണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷനിൽ പരാതി സമർപ്പിച്ചു.യൂത്ത് കോൺഗ്രസ് എറണാകുളം വൈസ് പ്രസിഡൻറ് സൽമാൻ നൽകിയ പരാതിയിൽ, ജലപീരങ്കികളിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണമെന്നാണ് പ്രധാന ആവശ്യം. മലിനജലം ഉപയോഗിക്കുന്നത് രോഗവ്യാപനം ശക്തമാക്കുമെന്ന ആശങ്കയും പരാതിയിൽ ഉന്നയിക്കുന്നു. പലപ്പോഴും ജലപീരങ്കികളിലെ വെള്ളത്തിന് മഞ്ഞയോ മണ്ണിന്റേയോ നിറം കാണപ്പെടുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. പൊതുജലാശയങ്ങളിൽ നിന്നോ കുളങ്ങളിൽ നിന്നോ വെള്ളം ഉപയോഗിക്കുന്ന സാഹചര്യമുണ്ടാകാമെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി.