
കോടതി കുറ്റവിമുക്തരാക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് സ്റ്റേഷന്‍ രജിസ്റ്ററുകളില്‍നിന്ന് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലേക്കും സര്‍ക്കുലര്‍ അയയ്ക്കാന്‍ പൊലീസ് ആസ്ഥാനത്തോട് ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
കോടതി വെറുതെ വിടുന്നവരുടെ പേര് പൊലീസ് രേഖകളില്‍ തുടര്‍ന്നും നിലനില്‍ക്കുന്നത് കാരണം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതില്‍ പ്രതിസന്ധി നേരിടുന്നുവെന്ന പരാതിയിലാണ് നടപടി.സ്റ്റേഷന്‍ രജിസ്റ്ററില്‍നിന്ന് കുറ്റവിമുക്തരുടെ വിവരങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലീസ് മാനുവല്‍ കാലാനുസൃതമായി പരിഷ്‌കരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി കമ്മീഷനെ അറിയിച്ചു. മൂന്നു മാസത്തിനകം പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ ഒരു കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര ഭീഷണി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 59കാരന് രോഗം സ്ഥിരീകരിച്ചതോടെ, ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 12 ആയി.ആരോഗ്യപ്രശ്നങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, സമരങ്ങളിൽ പോലീസ് ഉപയോഗിക്കുന്ന ജലപീരങ്കികളിലെ വെള്ളത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക ഉയർന്നു. ജലപീരങ്കി ഉപയോഗിക്കുന്നതിന് പ്രത്യേകം മാർഗ്ഗനിർദ്ദേശങ്ങൾ നൽകണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷനിൽ പരാതി സമർപ്പിച്ചു.യൂത്ത് കോൺഗ്രസ് എറണാകുളം വൈസ് പ്രസിഡൻറ് സൽമാൻ നൽകിയ പരാതിയിൽ, ജലപീരങ്കികളിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണമെന്നാണ് പ്രധാന ആവശ്യം. മലിനജലം ഉപയോഗിക്കുന്നത് രോഗവ്യാപനം ശക്തമാക്കുമെന്ന ആശങ്കയും പരാതിയിൽ ഉന്നയിക്കുന്നു. പലപ്പോഴും ജലപീരങ്കികളിലെ വെള്ളത്തിന് മഞ്ഞയോ മണ്ണിന്റേയോ നിറം കാണപ്പെടുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. പൊതുജലാശയങ്ങളിൽ നിന്നോ കുളങ്ങളിൽ നിന്നോ വെള്ളം ഉപയോഗിക്കുന്ന സാഹചര്യമുണ്ടാകാമെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി.

മുത്തങ്ങയിലെ അതിക്രമത്തിനു മാപ്പില്ല; ദുരിതം വിവരിച്ച് സി.കെ. ജാനു
മുത്തങ്ങ ഭൂസമരകാലത്ത് ആദിവാസികള്‍ക്കെതിരെ നടന്ന പോലീസിന്റെ അതിക്രമങ്ങള്‍ക്ക് ഒരിക്കലും മാപ്പില്ലെന്ന് ആദിവാസി ഗോത്രമഹാസഭാ സ്ഥാപക അധ്യക്ഷ സി.കെ. ജാനു വ്യക്തമാക്കി.മുത്തങ്ങ സംഭവത്തില്‍ ഏറെ വേദനയുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ. ആന്‍റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ജാനു. “ആ സംഭവത്തെ മാപ്പുപറഞ്ഞ് തീര്‍ക്കാനാകില്ല.അവിടെ പോലീസിന്റെ നടപടികള്‍ മനുഷ്യാവകാശങ്ങളുടെ മേല്‍നോട്ടം ഇല്ലാതാക്കിയ ക്രൂരതയായിരുന്നു,” അവര്‍ പറഞ്ഞു.2003 ജനുവരി 4 മുതല്‍ ഫെബ്രുവരി 19 വരെ മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ നടന്ന ഭൂസമരം ജാനുവിന്റെയും ഗോത്രമഹാസഭാ കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്റെയും നേതൃത്വത്തിലായിരുന്നു. സ്വന്തം മണ്ണില്‍ ജീവിക്കാന്‍ പോലും അവകാശം നഷ്ടപ്പെട്ട ആദിവാസികളുടെ നിലവിളിയാണ് ആ സമരം. “കുഞ്ഞുങ്ങളും സ്ത്രീകളും വയോധികരുമെന്നോരു വ്യത്യാസമില്ലാതെ പോലീസ് ആക്രമിച്ചു. കൂട്ടത്തോടെ വീഴ്ത്തി അടിച്ചു. അത് സാദ്ധ്യമാകുന്നത്ര ക്രൂരമായിരുന്നു. ഞാന്‍ തന്നെയും മാസങ്ങളോളം ചികിത്സയില്‍ കഴിയേണ്ടിവന്നു,” ജാനു ഓര്‍മിച്ചു.”മുത്തങ്ങയില്‍ നടന്നത് ഒരു അടിയന്തര സംഭവമല്ല, അത് ചരിത്രമാണ്. ജീവനോടെ ഉള്ളവര്‍ കഴിയുന്നിടത്തോളം അത് ഓര്‍മ്മകളില്‍ നിലനില്‍ക്കും. ആ വേദന ഒരിക്കലും മാഞ്ഞുപോകില്ല,” അവര്‍ കൂട്ടിച്ചേര്‍ത്തു.