
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. സ്വകാര്യ സന്ദർശനമാണ് ഔദ്യോഗികമായി സൂചിപ്പിച്ചിട്ടുള്ളതെങ്കിലും, നേതാക്കളെ കാണാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഒരാഴ്ചയായി വയനാട്ടില്‍ മണ്ഡല പര്യടനം നടത്തിവരുന്ന പ്രിയങ്ക ഗാന്ധി എംപിയോടൊപ്പം രാഹുലിന്റെയും സോണിയയുടെയും വരവ് കൂട്ടിച്ചേര്‍ന്നതോടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യം കൂടി ലഭിച്ചു. ഒരു ദിവസം മാത്രമാണ് ഇരുവരും വയനാട്ടില്‍ തുടരുക. ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങുന്ന ഇവർ, കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്റർ വഴി വയനാട്ടിലെത്തും. പ്രതികൂല കാലാവസ്ഥയാണെങ്കില്‍ റോഡ് മാർഗം യാത്ര ചെയ്യാനാണ് സാധ്യത.പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികവും മതസാമുദായികവുമായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും, മണ്ഡലത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതേസമയം, പ്രാദേശിക തലത്തില്‍ ഉയര്‍ന്ന ആഭ്യന്തര തര്‍ക്കങ്ങളും, കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യകളും വയനാട് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇവയെക്കുറിച്ച് പ്രിയങ്ക ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പ്രകൃതിദുരന്ത മുന്നറിയിപ്പ് സംവിധാനം ഒരുക്കാൻ സര്‍ക്കാര്‍ സഹകരിക്കുന്നില്ല: അമൃതാനന്ദമയി മഠം
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അമൃതാനന്ദമയി മഠം തയ്യാറാക്കിയ പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനം സർക്കാർ അനാവശ്യമായ നിബന്ധനകള്‍ മൂലം തടസ്സപ്പെടുകയാണെന്ന് മഠം അധികൃതർ വ്യക്തമാക്കി.15 കോടി രൂപ ചെലവഴിച്ച് വയനാട്ടിലെ 14 സ്ഥലങ്ങളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാനുള്ള പഠനം പൂർത്തിയാക്കി പദ്ധതി സർക്കാരിന് സമർപ്പിച്ചിരുന്നുവെങ്കിലും, ഡാറ്റ ഷെയറിംഗ് സംബന്ധിച്ച വിഷയത്തിലാണ് സർക്കാർ തടസ്സമുണ്ടാക്കുന്നതെന്ന് അമൃത വിശ്വവിദ്യാപീഠം അധ്യക്ഷ ഡോ. മനീഷ വി. രമേശ് പറഞ്ഞു.അമൃതാനന്ദമയിയുടെ 72-ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം, 71-ാം ജന്മദിനാഘോഷത്തിനിടെയാണ് വയനാട്ടിൽ ദുരന്ത മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതെന്ന് അവര്‍ ഓർമ്മിപ്പിച്ചു. ഇതിനുള്ള ഫണ്ടിംഗ് ഏജൻസിയും കണ്ടെത്തി പ്രാഥമിക നടപടികളും പൂർത്തിയാക്കിയ ശേഷമാണ് സർക്കാർ അനുമതി തേടിയതെന്ന് അറിയിച്ചു.മൂന്നാറിലും ആസാമിലുമുള്ള സമാന മുന്നറിയിപ്പ് സംവിധാനങ്ങൾ അമൃതയുടെ കീഴിൽ നിലവിലുണ്ട്. അവിടെയുണ്ടായ മുന്നറിയിപ്പുകൾ പലപ്പോഴും ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും മനീഷ പറഞ്ഞു. എന്നാൽ വയനാട്ടിന്റെ കാര്യത്തിൽ സർക്കാരിന് മൂന്നു തവണ കത്ത് നല്‍കിയിട്ടും ഒരേ മറുപടി മാത്രമാണ് ലഭിച്ചിട്ടുള്ളത് എന്നും അവർ കൂട്ടിച്ചേർത്തു.പത്രസമ്മേളനത്തിൽ അമൃതാനന്ദമഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയും പങ്കെടുത്തു.
വിവിധ തസ്തികകളില്‍ പി.എസ്.സി നിയമനം: അപേക്ഷകള്‍ ഒക്ടോബര്‍ 3വരെ
കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷൻ നമ്പർ 266-356/2015 പ്രകാരമുള്ള വിജ്ഞാപനം http://psc.gov.in/notification ലിങ്കിൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 3നകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.സംസ്ഥാനതല, ജില്ലാതല, സ്പെഷ്യൽ റിക്രൂട്ട്മെന്റ്, എൻഡിഎ റിക്രൂട്ട്മെന്റ് വിഭാഗങ്ങളിലേക്കാണ് ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രേഡ്സ്മാൻ (ടെക്സ്റ്റൈൽ ടെക്നോളജി, സിവിൽ, സ്മിത്തി, അഗ്രികൾച്ചർ) തസ്തികയിൽ ആകെ 35 ഒഴിവുകൾ ഉണ്ട്. ഈ വിഭാഗത്തിന് 26,500 മുതൽ 60,700 രൂപ വരെയുള്ള ശമ്പളവും, എസ്.എസ്.എൽ.സി. യോഗ്യതയോടൊപ്പം ബന്ധപ്പെട്ട ട്രേഡിൽ സർട്ടിഫിക്കറ്റ് നിർബന്ധവുമാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ അസിസ്റ്റന്റ് തസ്തികയ്ക്ക് 39,300 മുതൽ 83,000 രൂപ വരെയും, യോഗ്യതയായി ബിരുദവും (നിയമ ബിരുദം അഭിലഷണീയം) വേണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II (ലൈബ്രറി) തസ്തികയിൽ 27,800 മുതൽ 59,400 രൂപ വരെയും, ലൈബ്രറി സയൻസിൽ ബിരുദം യോഗ്യതയായി വേണമെന്നുമാണ് നിബന്ധന.കേരള വാട്ടർ അതോറിറ്റിയിലെ മീറ്റർ റീഡർ തസ്തികയ്ക്ക് 25,800 മുതൽ 59,300 രൂപ വരെയും, എസ്.എസ്.എൽ.സി. യോഗ്യതയും പ്ലമ്പർ ട്രേഡിൽ ഒരു വർഷത്തെ എൻസിവിടി സർട്ടിഫിക്കറ്റും വേണമെന്നും അറിയിച്ചിട്ടുണ്ട്. എല്ലാ തസ്തികകൾക്കും 18 മുതൽ 36 വയസുവരെ പ്രായപരിധി ബാധകമാണ്. എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. മറ്റു തസ്തികകളുടെയും വിശദാംശങ്ങളും യോഗ്യതകളും ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്.