പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഡീൻ ഡോ. എം.കെ. നാരായണനെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തരംതാഴ്ത്തി സ്ഥലംമാറ്റാൻ ബോർഡ് ഓഫ് മാനേജ്‌മെന്റ് തീരുമാനിച്ചു. ഡീൻ പദവിയിൽ നിന്ന് മാറ്റി പ്രൊഫസറായി നിയമിക്കുകയും, മൂന്ന് വർഷത്തേക്ക് ഭരണ ചുമതലകൾ നൽകാതിരിക്കണമെന്നും തീരുമാനമുണ്ട്. നാരായണനെ മണ്ണുത്തി വെറ്ററിനറി കോളേജിലേക്കാണ് മാറ്റുന്നത്.കേസിൽ അസിസ്റ്റന്റ് വാർഡൻ കാന്തനാഥനെയും സ്ഥലം മാറ്റിയിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തിന്റെ രണ്ട് വർഷത്തെ പ്രമോഷൻ തടഞ്ഞിരിക്കുകയാണ്. കാന്തനാഥനെ തിരുവാഴാംകുന്ന് പോൾട്രി കോളജിലേക്കാണ് സ്ഥലം മാറ്റുക. ഇരുവരുടെയും മൊഴി കേട്ട ശേഷമാണ് നടപടി അന്തിമമായത്.2024 ഫെബ്രുവരി 18-നാണ് തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി സിദ്ധാർഥനെ പൂക്കോട് വെറ്ററിനറി കോളജിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഉണ്ടായ വിവാദങ്ങളുടെയും അന്വേഷണത്തിന്റെയും പശ്ചാത്തലത്തിലാണ് സർവകലാശാല അധികൃതരുടെ നടപടി.

NIOS ക്ലാസ് 10, 12 പരീക്ഷാ തീയതികള്‍ 2025 പുറത്തിറങ്ങി
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് (NIOS) 2025-ലെ 10-ാം ക്ലാസ് (സെക്കന്‍ഡറി), 12-ാം ക്ലാസ് (സീനിയര്‍ സെക്കന്‍ഡറി) പൊതു പരീക്ഷകളുടെ തീയതി ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഔദ്യോഗിക വിജ്ഞാപനപ്രകാരം, തിയറി പരീക്ഷകള്‍ 2025 ഒക്‌ടോബര്‍ 14-ന് രാജ്യത്തുടനീളവും വിദേശ കേന്ദ്രങ്ങളിലും ആരംഭിക്കും. 10-ാം ക്ലാസിന്റെയും 12-ാം ക്ലാസിന്റെയും പരീക്ഷകള്‍ നവംബര്‍ 18-ന് അവസാനിക്കും. ഒരിക്കല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ ഷെഡ്യൂളില്‍ മാറ്റം വരുത്തില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

കുഴല്‍പ്പണം പിടികൂടിയ കേസില്‍ നടപടിക്രമം പാലിച്ചില്ല; വൈത്തിരി എസ്‌എച്ച്‌ഒക്കും മൂന്ന് പൊലീസുകാര്‍ക്കും സസ്‌പെൻഷൻ
വയനാട്ടില്‍ കുഴല്‍പ്പണം പിടികൂടിയ കേസില്‍ നടപടിക്രമത്തില്‍ വീഴ്ചയുണ്ടായതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി. വൈത്തിരി എസ്‌എച്ച്‌ഒ കെ. അനില്‍കുമാറിനെയും ഉദ്യോഗസ്ഥരായ അബ്ദുല്‍ ഷുക്കൂര്‍, ബിനീഷ്, അബ്ദുല്‍ മജീദ് എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു.മലപ്പുറം സ്വദേശികളില്‍ നിന്ന് പിടികൂടിയ 3.30 ലക്ഷം രൂപയുടെ കുഴല്‍പ്പണം സംബന്ധിച്ച വിവരം കൃത്യമായി റിപ്പോര്‍ട്ട് ചെയ്തില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വയനാട് എസ്പി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖല ഐജി സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.