
71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദി മലയാള സിനിമയ്ക്ക് അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ചു. ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. മലയാള സിനിമയ്ക്ക് അഞ്ച് ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കാനായപ്പോൾ, ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് മലയാളത്തിന്റെ അഭിമാനനായ മോഹൻലാൽ ഏറ്റുവാങ്ങി.
മോഹൻലാലിന് പുരസ്‌കാരം ലഭിച്ചതിനെത്തുടർന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പ്രത്യേകമായി അഭിനന്ദിച്ചു. “ഇന്ന് ഏറ്റവും വലിയ കൈയടി അർഹിക്കുന്നത് മോഹൻലാലിനാണ്” എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.‘പൂക്കാലം’ സിനിമയ്ക്ക് ഒന്നിലധികം അംഗീകാരങ്ങളാണ് ലഭിച്ചത്. മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് വിജയരാഘവനും മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് ഉർവശിയും നേടി. മികച്ച എഡിറ്ററിനുള്ള ദേശീയ പുരസ്‌കാരം നേടിയതും ‘പൂക്കാലം’ സിനിമയുടെ എഡിറ്റർ മിഥുൻ മുരളിയായിരുന്നു.വേദിയിൽ മറ്റൊരു മനോഹര കാഴ്ച്ചയായി മാറിയത് ഷാരുഖ് ഖാന്റെ പെരുമാറ്റമായിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഷാരുഖ് ഖാന്റെ അടുത്തിരിക്കുകയായിരുന്നു മോഹൻലാലും സുചിത്രയും. സുചിത്ര മോഹൻലാൽ ഇരിപ്പിടത്തിലേക്ക് എത്തിയപ്പോൾ എഴുന്നേറ്റ് സ്നേഹപൂർവ്വം കസേര ഒരുക്കി കൊടുത്ത ഷാരുഖിന്റെ സൗഹൃദപൂർണ്ണമായ പ്രവർത്തി ശ്രദ്ധേയമായി. മികച്ച നടിക്കുള്ള അവാർഡ് നേടിയ റാണി മുഖർജിയും ഈ നിരയിൽ പങ്കുചേർന്നു.ചടങ്ങുകൾക്ക് ശേഷം കേന്ദ്രമന്ത്രി ഒരുക്കിയ അത്താഴ വിരുന്നിലും അവാർഡ് ജേതാക്കൾ പങ്കെടുത്തു.അതേസമയം, മലയാളികളിൽ ആദ്യം അവാർഡ് ഏറ്റുവാങ്ങിയത് നോൺ-ഫീച്ചർ സിനിമ വിഭാഗത്തിലായിരുന്നു. എം. കെ. രാംദാസ് സംവിധാനം ചെയ്ത നെകൽ അവാർഡ് കരസ്ഥമാക്കി.
വിലക്കയറ്റത്തിൽ ആശ്വാസം: സപ്ലൈകോയിൽ മൂന്ന് സാധനങ്ങൾക്കു വില കുറച്ചു
സപ്ലൈകോ ഇന്ന് മുതൽ മൂന്ന് പ്രധാന സാധനങ്ങളുടെ വില കുറച്ചു. സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 30 രൂപയും കുറവായി.പുതുക്കിയ നിരക്കിൽ സബ്സിഡി വെളിച്ചെണ്ണ 319 രൂപക്കും സബ്സിഡിയിതര വെളിച്ചെണ്ണ 359 രൂപക്കും ലഭിക്കും.കേര വെളിച്ചെണ്ണയുടെ വിലയും 429 രൂപയിൽ നിന്ന് 419 രൂപയായി കുറച്ചു. സബ്സിഡിയുള്ള തുവരപ്പരിപ്പിനും ചെറുപയറിനും കിലോയ്ക്ക് അഞ്ച് രൂപ വീതം കുറവ് വരുത്തി. ഇപ്പോൾ യഥാക്രമം 88 രൂപക്കും 85 രൂപക്കും ലഭിക്കും.അടുത്ത മാസം മുതൽ എല്ലാ കാർഡ് ഉടമകൾക്കും അധികമായി 20 കിലോഗ്രാം അരി നൽകും. പുഴുക്കലരി ആണോ പച്ചരി ആണോ എന്ന് കാർഡ് ഉടമകൾക്ക് തിരഞ്ഞെടുക്കാം. കിലോയ്ക്ക് 25 രൂപ നിരക്കിലാണ് അരി ലഭിക്കുക.
ബദൽ റോഡ് ഇനിയും കാത്തിരിപ്പിൽ; ജനവേദന ചൂണ്ടിക്കാട്ടി ചെമ്ബനോടയിൽ പ്രതീകാത്മക സമരം
സെപ്റ്റംബർ 24-ന് പ്രവർത്തനം ആരംഭിച്ച പൂഴിത്തോട്–പടിഞ്ഞാറത്തറ റോഡ് ഇന്നും പൂർത്തിയാകാതെ കിടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി വഴിയൊരുങ്ങാത്തതും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാറിമാറി വഞ്ചന തുടരുന്നതുമാണ് ജനങ്ങളെ രൂക്ഷമായി നിരാശപ്പെടുത്തിയത്.ഇതിനെതിരെ ചെമ്ബനോട–പടിഞ്ഞാറത്തറ റോഡ് കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരം അഞ്ച് മണിക്ക് ചെമ്ബനോട മേലെ അങ്ങാടിയിൽ പ്രതീകാത്മക സമരം സംഘടിപ്പിക്കുന്നു.സമരത്തിന്റെ ഉദ്ഘാടനം ചെമ്ബനോട പള്ളി വികാരി ഫാ. ഡൊമിനിക് മുട്ടത്ത് കുഡിയിൽ നിർവഹിക്കും. സമരത്തിന്റെ വിശദാംശങ്ങൾ റോഡ് കർമ്മ സമിതി ചെയർമാൻ ടോമി മണ്ണൂർ, കൺവീനർ മാത്യു പേഴ്ത്തിങ്കൽ എന്നിവർ അറിയിച്ചു. ഇതോടൊപ്പം, സമകാലീനമായി പടിഞ്ഞാറത്തറയിലും സമരം നടത്തും.